തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയായ എസി മൊയ്തീനെതിരെ കടുത്ത നടപടിയുമായി ഇഡി. മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മൊയ്തീന്റെ ബിനാമികളിൽ മൂന്ന് പേരോട് ഓഫീസിൽ ഇന്ന് ഹാജരാകാൻ നിർദ്ദേശം ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്. 22 മണിക്കൂർ തുടർച്ചയായ പരിശോധനയ്‌ക്ക് ശേഷമാണ് ഇഡി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ബിനാമികളൊട് ഹാജരാകാനും നിർദേശം നൽകിയത്.
ഇന്നലെ രാവിലെയാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രിയും കുന്നംകുളം എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിലും ബിനാമികൾ എന്ന് സംശയിക്കുന്ന മൂന്നുപേരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി മിന്നൽ റെയ്ഡ് നടത്തിയത്. മോദീന്റെ വീട്ടിൽ 22 മണിക്കൂർ നീണ്ടുനിന്ന റെയ്ഡ് ഇന്ന് പുലർച്ചെ 5 മണിക്കാണ് അവസാനിച്ചത്.
അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഇഡി സംഘം തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറയുകയുണ്ടായി. വസ്തുവിന്റെ രേഖയും വീടിന്റെ മുക്കും മൂലയും അന്വേഷണസംഘം അരിച്ചുപെറുക്കി. അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകൾ, വസ്തു സംബന്ധമായ രേഖകൾ എല്ലാം കൈമാറി.
ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ഓഫീസിൽ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും മൊയ്തീൻ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ 300 കോടിയുടെ ക്രമക്കേട് നടന്നതായിട്ടാണ് വിവരം. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അഞ്ച് പ്രധാന പ്രതികളെയും ഭരണസമിതി അംഗങ്ങളെയും പ്രതി ചേര്‍ത്തിരുന്നു. തട്ടിപ്പ് നടക്കുമ്പോള്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എ.സി. മൊയ്തീന് വിഷയം അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എ.സി. മൊയ്തിന്‍ വിഷയത്തില്‍ ഇടപെട്ടുവെന്നും തട്ടിപ്പ് പണത്തിന്റെ പങ്ക് പറ്റിയെന്നുമാണ് ആരോപണം. കേസില്‍ ജീവനക്കാരുടെ മൊഴിയും എ.സി. മൊയ്തീന് എതിരാണ്. അതേസമയം വിഷയം ഇ.ഡി. സമഗ്രമായി അന്വേഷിച്ച് വരികയാണ്.