രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപറ്റംബര്‍ 1 മുതല്‍ തുറന്നേക്കും

ദില്ലി: രാജ്യത്തെ സ്‌കൂളുകളും കോളേജുകളും സെപ്റ്റംബര്‍ 1 മുതല്‍ തുറന്നേക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതിനായി മാര്‍ഗ നിര്‍ദേശം തയാറാക്കുന്നു.ഘട്ടം ഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനാണ് സാധ്യത. അതേ സമയം കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്തു സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും. അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി വിദ്യഭ്യാസ സ്ഥാപങ്ങള്‍ തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ടാഴ്ച മുന്‍പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങള്‍, സ്‌കൂളുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ അടങ്ങുന്ന സമിതിയും സ്‌കൂളുകള്‍ തുറക്കുന്നതിനെകുറിച്ച് ചര്‍ച്ച നടത്തി. സെപ്റ്റംബര്‍ 1 മുതല്‍ നവമ്പര്‍ 14 വരെ ഘട്ടം ഘട്ടമായി സ്‌കൂളുകളും കോളേജുകളും തുറക്കാനാണ് ധാരണ . ആദ്യ പതിനഞ്ചു ദിവസം സ്‌കൂളുകളിലെ 10, 11, 12 ക്ലാസുകള്‍ പ്രവര്‍ത്തിക്കും. അതിന് ശേഷം 6, 7, 8, 9 ക്ലാസുകള്‍ ആരംഭിക്കും. പ്രീ പ്രൈമറി വിഭാഗങ്ങള്‍ ഉടന്‍ തുടങ്ങേണ്ടതില്ലെന്നാണ് വിദഗ്ദ്ധ അഭിപ്രായം.

Loading...

അന്തിമ അഭിപ്രായം എടുത്ത ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശം ഈ മാസം അവസാനം പുറത്ത് ഇറക്കും. പ്രവര്‍ത്തി സമയം കുറച്ചായിരിക്കും സ്‌കൂളുകള്‍ തുറക്കുക.രാവിലെ 8 മുതല്‍ 11 വരെയും 12 മുതല്‍ 3 വരെ ഷിഫ്റ്റ് ഏര്‍പെടുത്തുന്നതും ആലോചിക്കുന്നു. 33 ശതമാനം ആദ്യപകരെ മാത്രമേ അനുവദിക്കു. അതേ സമയം കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാം.