വേഗമേറിയ വനിതാ താരമായി എലെയ്ന്‍ തോംസണ്‍; ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിലെ ഏറ്റവും വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍. ലോകത്തെ വേഗതയേറിയ മൂന്ന് താരങ്ങളും ഇത്തവണ ജമൈക്കയില്‍ നിന്നാണ്. 100 മീറ്റര്‍ ഫൈനലില്‍ ഒളിമ്പിക്
റെക്കോഡോടെയാണ് എലെയ്ന്‍ സ്വര്‍ണം നേടിയത്. 10.61 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു.

33 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് എലെയ്ന്‍ തോംസണ്‍ സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. റിയോ ഒളിമ്പിക്‌സില്‍
വനിതകളുടെ 100 മീറ്ററിലെ വിജയിയും എലെയ്ന്‍ തോംസണ്‍ ആയിരുന്നു. 10.72 സെക്കന്‍ഡിലായിരുന്നു അന്ന് എലെയ്ന്‍ ഫിനിഷ് ചെയ്തത്.

Loading...

സ്വര്‍ണത്തോടൊപ്പം വെള്ളിയും വെങ്കലവും ജമൈക്ക നേടി. ലോക ഒന്നാം നമ്ബര്‍ താരവും രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനുമായ ഷെല്ലി ആന്‍ഫ്രേസറിനാണ് വെള്ളി (സമയം: 10.74 സെ). മൂന്നാം റാങ്കുകാരിയായ ഐവറി കോസ്റ്റിന്റെ താ ലൗവിനെ പിന്തള്ളി ഷെറീക്ക ജാക്ക്സണ്‍ വെങ്കലം സ്വന്തമാക്കി. 10.76 സെക്കിന്റില്‍ ഓടിയെത്തിയ ഷെറീക്കയുടെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. താ ലൗവിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. (10.91 സെ).

യു.എസ്.എയുടെ ഫളോറെന്‍സ് ഗ്രിഫിതിന്റെ പേരിലുള്ള ഒളിമ്പിക് റെക്കോഡാണ് എലെയ്ന്‍ തോംസണ്‍ മറികടന്നത്. 1988-ലെ സിയോള്‍ ഒളിമ്ബിക്സിലാണ് ഫ്ളോറെന്‍സ് ഒളിമ്ബിക് റെക്കോഡോടെ സ്വര്‍ണം നേടിയത്. (10.62 സെ). ലോക റെക്കോഡും ഫ്ളോറെന്‍സിന്റെ പേരിലാണ് (10.49 സെ).