മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം വിവാഹിതനാകുന്നു. കല്ലൂര്‍ക്കാട് സ്വദേശിനി ഡോ. ആഗ്‌നി മേരി അഗസ്റ്റിനാണ് വധു. 2020 ജനുവരി മാസം12 നാണ് വിവാഹം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കല്യാണ നിശ്ചയം. മൂവാറ്റുപുഴ പായിപ്ര സ്വദേശിയായ എല്‍ദോ എബ്രാഹാം വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. മൂവാറ്റുപുഴയില്‍ വലതുപക്ഷത്തെ അട്ടിമറിച്ചാണ് യുവാവായ എല്‍ദോ എബ്രാഹാം എംഎല്‍എയായത്.
കൊച്ചിയില്‍ ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കള്‍ അറസ്റ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി, പി രാജു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ എന്നിവരുള്‍പ്പെടെ 10 പേരാണ് അറസ്റ്റിലായത്.
കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് നേതാക്കള്‍ അന്വേഷണ സംഘത്തിന് മുന്നിലെത്തി അറസ്റ്റ് വരിക്കുകയായിരുന്നു.
വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. ജൂലൈ 23 നായിരുന്നു സിപിഐ ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്എഫ്‌ഐക്കാരും കഞ്ചാവ് മാഫിയകളും ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ സിഐ മുരളി നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്
അതേസമയം ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ പ്രതികളായ എം.എല്‍.എ അടക്കമുള്ള സി.പി.ഐ നേതാക്കളെ റിമാന്‍ഡ് ചെയ്യണമെന്ന് കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടതും വലിയ വിഷയമായി. പൊലീസിന്റെ ആവശ്യം തള്ളിയ കോടതി, നേതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞിരുന്നു.
മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു എന്നിവരുള്‍പ്പെടെ അറസ്റ്റിലായ 10 പ്രതികള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ ആള്‍ജാമ്യം, നാശനഷ്ടം വരുത്തിയ 40,500 രൂപ കെട്ടിവെക്കണം, സമാന കേസുകളില്‍ ഇനി പ്രതിയാകരുത് എന്നിവയാണ് ഉപാധികള്‍.
ഡി.ഐ.ജി ഓഫീസിന് മുന്നില്‍ അന്യായമായി സംഘം ചേര്‍ന്ന സി.പി.ഐ പ്രവര്‍ത്തകര്‍ കല്ല്, വടി, ഇഷ്ടിക തുടങ്ങിയ മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിച്ചു, സര്‍ക്കാര്‍ വാഹനത്തിന്റെ ചില്ല് തകര്‍ത്തു എന്നിവയായിരുന്നു നേതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍. പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാന്‍ഡ് ചെയ്യണം എന്നുമുള്ള പൊലീസിന്റെ ആവശ്യം കോടതി തളളി.