പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം. പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. 22ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം നല്‍കി കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ദോസ് രാവിലെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. നവംബര്‍ ഒന്ന് വരെ അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന് ജാമ്യ ഉപാധിയില്‍ കോടതി അറിയിച്ചിരുന്നു.

എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്യും. തുടര്‍ന്ന് ഉള്ള ദിവസങ്ങളില്‍ എല്‍ദോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനിടെ കഴിഞ്ഞ ദിവസം എല്‍ദോസിനെതിരെ വീണ്ടും പോലീസ് കേസെടുത്തു. പരാതിക്കാരിയെ അവഹേളിച്ചെന്നാണ് കേസ്. മൂന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.

Loading...

അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായി എല്‍ദോസ് കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ പരാതിക്കാരിയുമായുള്ള അടുപ്പം വ്യക്തമാക്കുന്ന വാട്‌സാപ്പ് ചാറ്റുകളും ഉണ്ട്. പരാതിക്കാരി മറ്റ് വ്യക്തികള്‍ക്കെതിരെ നല്‍കിയ കേസിലെ വിവരങ്ങളും എല്‍ദോസ് ഹാജരാക്കിയിരുന്നു. എല്‍ദോസിനെ ഭീഷണിപ്പെടുത്തി പണം തട്ടുവാന്‍ ശ്രമിച്ച സംഭവത്തില്‍ ആദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ പരാതിയുടെ വിവരങ്ങളും കോടതിയില്‍ നല്‍കിയിരുന്നു.

സുപ്രീം കോടതി ഉള്‍പ്പെടെയുള്ള മുന്‍കാല വിധികള്‍ ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നല്‍കിയത്. വിശദമായ വിശകലനത്തിനൊടുവില്‍ കടുത്ത ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കന്നതെന്നും ഉത്തരവില്‍ പറയുന്നു.