രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് ജയിപ്പിച്ചത് മലയാളികള്‍ ചെയ്ത അബദ്ധം;രാമചന്ദ്ര ഗുഹ

Rahul Gandhi

കോഴിക്കോട് :രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും ജയിപ്പിച്ചത് മലയാളികള്‍ ചെയ്ത അബദ്ധമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുല്‍ ഒരു എതിരാളി അല്ലെന്നും രാമചന്ദ്രഗുഹ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ലിറ്റററി ഫെസ്റ്റിവലില്‍ പാട്രിയോട്ടിസം വെര്‍സസ് ജിംഗോയിസം എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
നെഹ്റു കുടുംബത്തിന്റെ ചെറുമകനെയല്ല ഇന്ത്യയ്ക്ക് ആവശ്യം. രാഹുൽ എതിരാളിയാകുമ്പോൾ മോദിക്ക് കാര്യങ്ങൾ എളുപ്പമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് മഹത്തായ പാർട്ടിയായിരുന്ന കോൺഗ്രസ് ഇന്ന് ദയനീയമായ ഒരു കുടുംബ പ്രസ്ഥാനമായി മാറി. രാജ്യത്തെ ഹിന്ദുത്വ ശക്തികളുടെ വളർച്ചയ്ക്ക് ഇത് കാരണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘രാഹുൽ ഗാന്ധിയോട് എനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ല, അദ്ദേഹം വളരെ മാന്യനായ ഒരു വ്യക്തിയാണ്. എന്നാൽ നെഹ്റു കുടുംബത്തിലെ അ‍ഞ്ചാം തലമുറക്കാരനെയല്ല ഇന്ത്യൻ യുവത്വത്തിന് ആവശ്യം. 2024ൽ രാഹുൽ ഗാന്ധിയെ വീണ്ടും തിരഞ്ഞെടുത്ത് നിങ്ങൾ ഈ തെറ്റ് ആവർത്തിക്കുകയാണെങ്കിൽ, മോദിക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കുകയാണ് നിങ്ങൾ ചെയ്യുന്നത്’- രാമചന്ദ്ര ഗുഹ പറഞ്ഞു

Loading...

രാജ്യത്തിനായി മഹത്തരമായ കാര്യങ്ങൾ കേരളം ചെയ്തിട്ടുണ്ട്. എന്നാൽ പാർലമെന്റിലേക്ക് രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്ത് അയച്ചത് നിങ്ങൾ ചെയ്ത ഏറ്റവും ദൗർഭാഗ്യകരമായ കാര്യമാണെന്നും അദ്ദേഹം വിമർശിച്ചു.

മോദിക്ക് രാഹുലിന് മുകളിൽ വ്യക്തമായ മുൻതൂക്കമുണ്ട്. നരേന്ദ്രമോദിയുടെ ഏറ്റവും വലിയ അവസരം അദ്ദേഹം രാഹുൽ ഗാന്ധിയെ പോലെയല്ല എന്നതാണ്. സ്വന്തം അധ്വാനത്തിലൂടെയാണ് ഉയർന്ന് വന്നത്. 15 വർഷത്തോളം ഒരു സംസ്ഥാനം ഭരിച്ച അനുഭവ സമ്പത്തുണ്ട്. അദ്ദേഹം കഠിനാധ്വാനിയാണ്, അവധി ആഘോഷിക്കാനായി യൂറോപ്പിലേക്ക് പോകാറുമില്ല- രാമചന്ദ്ര ഗുഹ പറഞ്ഞു.

എല്ലാ ഗൗരവത്തോടും കൂടിയാണ് ഞാനിത് പറയുന്നത്. രാഹുൽ ഗാന്ധി മോദിയേക്കാൾ ബുദ്ധിമാനായ, അധ്വാനശീലമുള്ള അവധിയെടുക്കാത്ത ആളാണെങ്കിലും അയാൾ മഹത്തരമായ പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ അഞ്ചാം തലമുറയിൽപ്പെട്ടയാളാണ്. സ്വന്തം അധ്വാനത്തിലൂടെ ഉയർന്നു വന്ന നേതാവിനെതിരെ ഇത് വലിയൊരു പോരായ്മ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും അദ്ദേഹം വിമർശിച്ചു. മുഗൾ വംശത്തെയാണ് സോണിയാ ഗാന്ധി ഓർമപ്പെടുത്തുന്നത്. ഇന്ത്യ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടു. ഫ്യൂഡൽ ആവുകയല്ല ചെയ്തത്. എന്നാൽ ഗാന്ധി കുടുംബം ഇത് തിരിച്ചറിയുന്നില്ല. സോണിയാ ഗാന്ധി ദില്ലിയിലാണ് അവരുടെ സാമ്രാജ്യം ചുരുങ്ങി ചുരുങ്ങി വരികയാണ്. എന്നാൽ അവരുടെ സ്തുതിപാടകർ ഇപ്പോഴും പറയുന്നു നിങ്ങൾ ചക്രവർത്തിയാണെന്ന്- രാമചന്ദ്ര ഗുഹ കുറ്റപ്പെടുത്തി. ചർച്ചകളിൽ ഇപ്പോഴും നെഹ്റുവിനെ പരാമർശിക്കുന്നു. രാഹുൽ ഗാന്ധി ഇവിടെയുള്ളതുകൊണ്ടാണ് അത്. രാഹുൽ അപ്രത്യക്ഷമായാൽ മോദിക്ക് സ്വന്തം നയങ്ങളെക്കുറിച്ചും അവ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നും സംസാരിക്കേണ്ടി വരും.- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തെ പരാമർശിച്ച രാമചന്ദ്ര ഗുഹ അവർ ഇന്ത്യയേക്കാൾ മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നുവെന്ന് വിമർശിച്ചു. ആഗോള തലത്തിൽ ഉയർന്നുവന്ന ആക്രമോത്സുഹ ദേശീയതയും, അയൽ രാജ്യങ്ങളിൽ പടരുന്ന ഇസ്ലാമിക മൗലികവാദവും ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ വളർച്ചയ്ക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.