ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും വിജയതന്ത്രങ്ങൾ മെനഞ്ഞുകൊടുത്ത പ്രശാന്ത് കിഷോർ ഉത്തർപ്രദേശിൽ കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കുമെന്നു സൂചന. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രാവർത്തികമാക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് തീരുമാനിക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ കിഷോറും പങ്കെടുത്തതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കിഷോറിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിന് കൂടുതൽ കരുത്തേകുമെന്നാണ് നേതാക്കളുടെ വിശ്വാസം.പ്രിയങ്ക ഗാന്ധിയെ മുൻനിർത്തിയാകും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ എന്ന മാധ്യമവാർത്തയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്ന് നിർമൽ വ്യക്തമാക്കി. യോഗത്തിൽ പ്രശാന്ത് കിഷോറും പങ്കെടുത്തിരുന്നതായി ഉത്തർപ്രദേശ് കോൺഗ്രസ് നേതാവ് നിർമൽ ഖാത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പ്രധാനപ്പെട്ടൊരു സ്ഥാനം തന്നെ നൽകും. തിരഞ്ഞെടുപ്പുകളിലെ അദ്ദേഹത്തിന്റെ അനുഭവ പരിചയം പാർട്ടിക്ക് ഗുണമേകും. തങ്ങളെ സഹായിക്കാൻ അദ്ദേഹം തയാറാണെന്നും നിർമൽ പറഞ്ഞു. ഉത്തർപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന ഞങ്ങളുടെ ദൃഢനിശ്ചയത്തെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. മോദി, മുലായം, മായാവതി എന്നീ മൂന്നുപേരെ തോൽപ്പിക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും നിർമൽ പറഞ്ഞു.