തദ്ദേശ തെരഞ്ഞെടുപ്പ്; 2015 ലെ വോട്ടര്‍ പട്ടികയില്‍ ആശങ്ക വേണ്ട ; കമ്മീഷണര്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വാര്‍ഡ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കിയാല്‍ നല്ലത്. ഇന്ന് ഉത്തരവ് കിട്ടിയാല്‍ നാളെ മുതല്‍ നടപടികള്‍ ആരംഭിക്കും. 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നതില്‍ ആശങ്ക വേണ്ടെന്നും, എന്നാല്‍ താന്‍ വിവാദത്തിനില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു.

2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാലും 10 ലക്ഷം പേരെ പുതിയതായി പേര് ചേര്‍ക്കേണ്ടതായി വരൂ. സംസ്ഥാനത്തെ 20000 വാര്‍ഡുകളിലായി കണക്കെടുത്താല്‍ ഒരു വാര്‍ഡില്‍ ഇത് 50 പേരേ വരൂ. കമ്മീഷന്‍ കണക്കുകൂട്ടുന്നത് പരമാവധി 100 പേരെയാണ്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ആശങ്ക എന്താണെന്ന് മനസ്സിലാകുന്നില്ല.

Loading...

2014 ലെ കണക്കെടുത്താല്‍ പോലും ഒരു വാര്‍ഡില്‍ 50 വോട്ടര്‍മാരേ വര്‍ധിക്കൂ. വാര്‍ഡ് വിഭജനത്തിന് സെന്‍സസ് കമ്മീഷണറുടെ കത്ത് തടസ്സമല്ല. സെന്‍സസ് ആക്ടിന്റേയും പഞ്ചായത്ത് രാജ് ആക്ടിന്റേയും ഒന്നും തടസ്സമാകുന്നില്ല. കാരണം പുതിയ പഞ്ചായത്തും മുനിസിപ്പാലിറ്റിയും വരുന്നില്ല. തീരുമാനിക്കേണ്ടവര്‍ അതൊക്കെ പരിഗണിച്ച്‌ തീരുമാനമെടുക്കട്ടെ. വിവാദങ്ങളെല്ലാം ബന്ധപ്പെട്ടവര്‍ തീര്‍ക്കട്ടെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

പുതിയ വോട്ടര്‍മാരെ ഈ മാസം 20 മുതല്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനാകും. ഫെബ്രുവരി 28 ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അതിന് ശേഷം രണ്ടു തവണ കൂടി പേര് ചേര്‍ക്കാന്‍ അവസരം നല്‍കും. പേര് ചേര്‍ക്കാനായി ഇന്ന് ഉദ്യോഗസ്ഥര്‍ക്ക് വെബ്‌സൈറ്റ് ഒപ്പണ്‍ ആകും. 20 ന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പേര് ചേര്‍ക്കാനുള്ള പകര്‍പ്പ് നല്‍കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു.

ഇതോടെ 2015ന് ശേഷം 18 വയസ് പൂര്‍ത്തിയായവരെല്ലാം വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കേണ്ടി വരും. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്തവരുടെ പേരുകള്‍ തദ്ദേശതെരഞ്ഞെടുപ്പിനുള്ള പട്ടികയിലുണ്ടോ എന്ന് ഉറപ്പാക്കണം.

2019ലെ പട്ടിക അടിസ്ഥാനമാക്കി വോട്ടര്‍ പട്ടിക പുതുക്കാന്‍ 10 കോടിയോളം രൂപ വേണ്ടിവരും. വാര്‍ഡ് വിഭജനം എന്ന ഭാരിച്ച ജോലി മുന്നില്‍ നില്‍ക്കുമ്ബോള്‍ വോട്ടര്‍ പട്ടിക പുതുക്കുന്ന ജോലി കൂടി ഏറ്റെടുക്കുന്നത് അമിതഭാരം സൃഷ്ടിക്കും. ഫെബ്രുവരിയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരം നല്‍കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

നേരത്തെ, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പട്ടിക ഉപയോഗിച്ച്‌ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2016 നിയസഭാ തെരഞ്ഞെടുപ്പിലും ഉപയോഗിച്ച വോട്ടര്‍ പട്ടിക നിയമസഭാ മണ്ഡലങ്ങളെ അടിസ്ഥാനമാക്കിയാണെന്നും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് വേണ്ടത് വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടികയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

ജനസംഖ്യ അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ പുനക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എല്‍ഡിഎഫ് പിന്തുണയ്ക്കുകയും യുഡിഎഫ് എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. വാര്‍ഡുകളെ വിഭജിക്കാനായി സര്‍ക്കാര്‍ ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഗവര്‍ണര്‍ വിജ്ഞാപനം അംഗീകരിച്ച്‌ ഒപ്പിടുന്നതോടെ ഇതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരംഭിക്കും.