രണ്ടില ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ജോസഫ് വിഭാഗത്തിന് തിരിച്ചടി

തിരുവനന്തപുരം: കേരളകോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ജോസഫിന് തിരിച്ചടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജനുവരി 20 വരെ രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ജനുവരി 20 വരെ ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ സാധിക്കില്ല.
ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്. ജനുവരി 20ന് പരാതിയില്‍ വിശദമായ വാദം കേട്ട ശേഷം രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ കമ്മീഷന്‍ അന്തിമ തീരുമാനം വ്യക്തമാക്കും.കുട്ടനാട് ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടില ചിഹ്നത്തില്‍ വീണ്ടും അനിശ്ചിതത്വമുണ്ടായത്. ചിഹ്നത്തിന് പുറമേ ചെയര്‍മാന്‍ സ്ഥാനം, പാര്‍ട്ടിയിലെ അധികാരം തുടങ്ങിയ കാര്യങ്ങളില്‍ ജോസ് കെ മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ചിഹ്നത്തിന്റെ കാര്യത്തില്‍ ജോസഫ് വിഭാഗത്തിന് ഇപ്പോള്‍ തിരിച്ചടിയുണ്ടായത്.

Loading...

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ചിഹ്നം അനുവദിക്കുന്നതിനും വിപ്പ് നൽകുന്നതിനും പാർട്ടി ചെയർമാൻ കെ.എം. മാണി 2018 ഫെബ്രുവരി രണ്ടിന് ജില്ലാ പ്രസിഡന്റുമാരെയും ചുമതലപ്പെടുത്തിയ നടപടി തുടരണം. ഈ തീരുമാനത്തിന് വിപരീതമായി പി.ജെ. ജോസഫെടുത്ത നടപടികളും, തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനമാനങ്ങളും വിപ്പും സംബന്ധിച്ച ശ്രമങ്ങളും കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ അന്തിമ തീരുമാനം വരുന്നതുവരെ പരിഗണിക്കരുതെന്നും ജോസ് ആവശ്യപ്പെട്ടിരുന്നു.എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ ഡോ. എൻ. ജയരാജ്, റോഷി അഗസ്റ്റിൻ എന്നിവർ ഒപ്പിട്ട ഹർജിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നൽകിയത്.

അതേസമയം കോട്ടയത്തു നടന്ന യു.ഡി.എഫ് യോഗം കേരളാ കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം ബഹിഷ്‌കരിച്ചു. ഇവര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനമാറ്റ ധാരണ ജോസ് വിഭാഗം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും സംഘവും ഇറങ്ങിപ്പോയത്. ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ച് യോഗത്തിന് ഇരിക്കില്ലന്ന് ഇവര്‍ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ സ്ഥാനമാറ്റത്തിനുള്ള സമയമായി, പക്ഷേ നടപ്പായില്ല ചങ്ങനാശേരി നഗരസഭയിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിലും ഇതേ അനുഭവമാണ് ഉണ്ടായത്. ജോസ് വിഭാഗം മാറിത്തരുന്നില്ലെന്നും ജോസഫ് വിഭാഗം ആരോപിച്ചു.