മധ്യപ്രദേശിലും താമര വീണു, ഇനി ഇന്ത്യയിൽ രാഹുൽ യുഗം

കരുത്തനായി രാഹുൽ, അശക്തനായി മോദി. ആകെ പ്രതീക്ഷ ആയിരുന്ന മധ്യപ്രദേശിലും ബി.ജെ.പി വീണു. അവിടെയും കോൺഗ്രസ് മുന്നേറ്റം.. ചത്തിസ്ഗഡില്‍ ബിജെപിയുടെ തകര്‍ച്ച ഞെട്ടിപ്പിക്കുന്നതാണ്. പക്ഷേ, കളി മാറ്റുന്നത് മധ്യപ്രദേശാണ്. സംഘപരിവാറിന് ഇതുപോലെ ശക്തമായ സംഘടനാസംവിധാനമുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. രമണ്‍സിങ്ങോ വസുന്ധരരാജെയോ അല്ല ശിവരാജ്സിങ് ചൗഹാന്‍. എന്നിട്ടും മധ്യപ്രദേശ് നിലനിര്‍ത്താന്‍ ബിജെപിക്കായില്ല. രാജസ്ഥാന്‍ കൈവിട്ടുപോകുമെന്ന് ബിജെപിക്കറിയാമായിരുന്നു. വസുന്ധരാരാജെ എന്ന ബാദ്ധ്യതയെ തോളില്‍നിന്നിറക്കാനായാല്‍ അത്രയും നന്നെന്ന ചിന്ത എപ്പൊഴോ ബിജെപി നേതൃത്വത്തില്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ് അങ്ങിനെയല്ല. അവിടെ വീണാല്‍ 2019 എളുപ്പമാവില്ലെന്ന് ബിജെപിക്കറിയാം. ആ പേടിയാണ് ഇപ്പോള്‍ ബിജെപിയെ ഗ്രസിച്ചിരിക്കുന്നത്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിന് മഹാ സഖ്യം വേണ്ടി വരുമെന്നതില്‍ സംശയമില്ല. ഈ മുന്നണിയില്‍ കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള ശേഷി കോണ്‍ഗ്രസ്സിന് കിട്ടണമെങ്കില്‍ മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജയിച്ചേ തീരുമായിരുന്നു. വിശാല സഖ്യം എന്ന് പറയാന്‍ എളുപ്പമാണെങ്കിലും സഖ്യത്തെ മേച്ചുകൊണ്ടുപോവുക ഒരിക്കലും എളുപ്പമല്ല. ശരദപവാറും മമതയും മായാവതിയും അഖിലേഷും  ചന്ദ്രബാബുനായിഡുവും എം കെ സ്റ്റാലിനുമൊക്കെ   തനിക്ക് താന്‍ പോന്നവരാണ്. സൂചി കുത്താന്‍ ഇടം കിട്ടിയാല്‍ തൂമ്പ എങ്ങിനെ കടത്താനാകുമെന്നായിരിക്കും ഇവര്‍ ചിന്തിക്കുക. ഓരോ സംസ്ഥാനത്തും മുഖ്യപ്രതിപക്ഷ കക്ഷിയായിരിക്കണം വിശാല സഖ്യം നയിക്കേണ്ടതെന്ന് മമത പറഞ്ഞത് മറക്കാനാവില്ല.   മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടുകൊണ്ട് മായാവതി നടത്തിയ  പരീക്ഷണവും ഈ പരിസരത്തിലാണ്. മോദിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ്   വല്യേട്ടന്‍ കളിക്കരുതെന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള കളികള്‍. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണിരുന്നെങ്കില്‍  ശരദ്പവാറൊക്കെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന കാഴ്ചയായിരിക്കും ജനാധിപത്യ ഇന്ത്യ കാണുമായിരുന്നത്.

Top