കൊല്ലം: പെരിനാട് പഞ്ചായത്തിൽ എൽ.ഡി.എഫ് സ്​ഥാനാർഥിക്ക് വെട്ടേറ്റു. പതിനെട്ടാം വാർഡ് സ്​ഥാനാർഥി ലെറ്റസ്​ ജെറോമിനാണ് വെട്ടേറ്റത്. ശനിയാഴ്ച രാത്രി ഒന്നരയോടെ ബൈക്കുകളിലെ ത്തിയ അക്രമിസംഘം ലെറ്റസിനെ വെട്ടി പരിക്കേൽപിക്കുകയായിരുന്നു.  തലക്ക് പരിക്കേറ്റ ഇയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്​.എസുകാരാണ് ആക്രമണത്തിനു പിന്നില്ലെന്ന് സി.പി.എം ആരോപിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാസർകോട് നേരിയ സംഘർഷം. കാഞ്ഞങ്ങാടിനടുത്ത് മൂലകണ്ടത്താണ് എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്.സംഘർഷത്തിെന്‍റെ പശ്ചാത്തലത്തിൽ നാലു പേരെ പൊലീസ്​ കസ്റ്റഡിയിലെടുത്തു.

കണ്ണൂർ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എൽ.പി സ്​കൂളിൽ യു.ഡി.എഫ് വനിത സ്​ഥാനാർഥി രേഷ്മയെ സി.പി.എം പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. വോട്ടർപട്ടിക വലിച്ചു കീറിയതായി യു.ഡി.എഫ് പരാതിപ്പെട്ടു. എന്നാൽ, പോളിങ് തടസപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. 15 മിനിറ്റിന് ശേഷം വോട്ടിങ് മെഷീൻ മാറ്റിസ്​ഥാപിച്ചു. പരിയാരത്ത് യു.ഡി.എഫ് സ്ഥാനാർഥിക്ക് നേരേ നായ്കരണപൊടി എറിഞ്ഞു. ഒരു വാർഡിൽ ഏജന്റിനും ബൂത്തിലേ യു.ഡി.എഫ് പ്രവർത്തകർക്കും നേരെ നായ്കരനപ്പൊടി വിതറി.

കോട്ടയം ഈരാറ്റുപേട്ട നഗരസഭയിൽ സ്​ഥാനാർഥിക്ക് നേരെ ആക്രമണം നടന്നു. പത്താം വാർഡ് സ്​ഥാനാർഥി റിയാസ്​ അമീന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട് വെസ്റ്റ് എളേരിയിൽ സി.പി.എം പ്രവർത്തകനെ യു.ഡി.എഫ് തട്ടിക്കൊണ്ടു പോയതായി പരാതി. വെസ്റ്റ് എളേരി പുന്നക്കുന്ന് വാർഡിലെ കുഞ്ഞിക്കയെ തട്ടിക്കൊണ്ടു പോയെന്ന് മകൻ പൊലീസിൽ പരാതി നൽകി.