സ്ഥാനാർഥികളുടെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ മൂന്ന് വാർഡുകളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ രണ്ട് വാർഡുകളിലും മാവേലിക്കരയിലെ ഒരു വാർഡിലുമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. കൊല്ലം പന്മന പഞ്ചായത്തിലെ അഞ്ചാം വാർഡ്, പന്മയിലെ തന്നെ പതിമൂന്നാം വാർഡ്, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്.
ബിജെപി സ്ഥാനാർഥി വിശ്വനാഥന്‍റെ (62) മരണത്തെ തുടർന്നാണ് പൻമന പഞ്ചായത്ത് അഞ്ചാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഇക്കഴിഞ്ഞ നവംബർ 21നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എൽഡിഎഫ് സ്ഥാനാർഥി മരിച്ചതോടെയാണ് പതിമൂന്നാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ചവറ കെഎംഎംഎല്ലിൽ ഡിസിഡബ്ല്യു തൊഴിലാളിയായിരുന്ന രാജു രാസ്‌ക (55)യാണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥി കുഴഞ്ഞു വീണു മരിച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിയത്. സി.പി.എം സ്ഥാനാർഥിയായ ഈരേഴ തെക്ക് ചെമ്പോലിൽ മഹാദേവൻപിള്ള (64) യാണ് മരിച്ചത്.തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വീട്ടിലെത്തി സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.