ആകെയുള്ളത് മൂന്ന് ബള്‍ബുകള്‍ മാത്രം; വൈദ്യുതി ബില്ല് 5567 രൂപ, കെ.എസ്.ഇ.ബിയുടെ കണ്ണില്ലാത്ത ക്രൂരതയില്‍ കണ്ണുതള്ളി വീട്ടുകാര്‍

തൃശ്ശൂര്‍ : ആസ്ബറ്റോസും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മറച്ച കൂരയില്‍ ആകെയുള്ളത് മൂന്ന് ബള്‍ബുകള്‍ മാത്രം. എന്നിട്ടും വൈദ്യുതി ബില്‍ 5567 രൂപ.

ചവറാംപാടം ചുക്കത്ത് വീട്ടില്‍ ഗിരിജയ്ക്കാണ് കഴിഞ്ഞ മാസം 5567 രൂപ വൈദ്യുതി ബില്‍ കിട്ടിയത്. സ്വന്തമായി ഒരുതുണ്ട് ഭൂമിപോലും ഇല്ലാത്തതിനാല്‍ ബന്ധു നല്‍കിയ രണ്ട് സെന്റ് ഭൂമിയിലെ കൊച്ചുകൂരയില്‍ അസുഖ ബാധിതനായ ഭര്‍ത്താവിനോടും മക്കളോടും ഒപ്പമാണ് ഗിരിജ കഴിയുന്നത്. ഈ കുടുംബത്തിനാണ് ഇടിത്തീ പോലെ വന്‍ വൈദ്യുതി ബില്‍ എത്തിയത്.

Loading...

സാധാരണ 80-90 രൂപ നിരക്കിലാണ് വൈദ്യുതി ബില്‍ വരാറുള്ളത്. ഇതിനിടെ എത്തിയ ഭീമമായ ഈ തുക അടയ്ക്കാനാകാത്തതിനാല്‍ അധികൃതരെത്തി വൈദ്യുതി കണക്ഷന്‍ വിച്‌ഛേദിച്ചു. തുടര്‍ന്ന് 1500 രൂപ പട്ടിക്കാട് വൈദ്യുതി വകുപ്പ് സെക്ഷന്‍ ഓഫീസില്‍ അടച്ചു. ബാക്കി തുക ഗഡുക്കളായി അടയ്ക്കണമെന്ന നിബന്ധനയില്‍ വൈദ്യുതി പുന:സ്ഥാപിച്ച് നല്‍കുകിയിട്ടുണ്ട്. ഊരിക്കൊണ്ടുപോയ ഫ്യൂസിന് പകരം വയറിന്റെ കഷ്ണം ഉപയോഗിച്ചാണ് കണക്ഷന്‍ വീണ്ടും നല്‍കിയിട്ടുള്ളത്.

ഈ കൊച്ചു കൂരയ്ക്ക് ഇത്ര ഭീമമായ തുക ഈടാക്കിയതില്‍ പ്രതിഷേധം ഉയരുമ്പോഴും വൈദ്യുതി ചാര്‍ജ് ഈടാക്കിയതില്‍ പിഴവ് വന്നിട്ടില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി അധികൃതര്‍.