ഗര്‍ഭിണിയായ ആനയ്ക്ക് പടക്കം വച്ചവരെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേരളത്തെ നാണിപ്പിച്ച സംഭവമായിരുന്നു ഗര്‍ഭിണിയായ ആനയ്ക്ക് പടക്കം വെച്ച് ആന ചരിയാനുണ്ടായ സംഭവം. മലപ്പുറത്ത് നടന്ന ഈ സംഭവത്തില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. അതേസമയം തന്നെ വിരാട് കോഹ്‌ലി അടക്കമുള്ള നിരവധി പേര്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുമുണ്ട്. കോഴിക്കോട്ടു നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ പടക്കം വെച്ചവരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന. സംഘടനയുടെ ഇന്ത്യാഘടകം ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പലപ്പോഴും മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നത് മനസ്സിലാക്കാവുന്നതാണെങ്കിലും അതിന് പ്രതികാരമായി ചതിയിലൂടെ കൊലപ്പെടുത്തുന്നതിനെ സംഘടന ശക്തമായി അപലപിക്കുകയും ചെയ്തു.

സംഭവത്തില്‍ ദുഖം പ്രകടിപ്പിച്ചിരിക്കുകയാണ് കായികലോകവും. ആനയോട് കാണിച്ചത് കണ്ണില്ലാത്ത ക്രൂരതയാണെന്നാണ് കോഹ്ലി പ്രതികരിച്ചിരിക്കുന്നത്. ഒപ്പം തന്നെ കേരള ബ്ലാസ്റ്റേഴ്‌സും പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. കോഹ്ലി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ് കേരളത്തില്‍ സംഭവിച്ച കാര്യം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. മൃഗങ്ങളെയും ഏറ്റവും ഇഷ്ടത്തോടെ നമുക്ക് പരിഗണിക്കാം.ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കേണ്ട സമയമായി എന്നാണ് കോഹ്ലി പ്രതികരിച്ചിരിക്കുന്നത്. ഒപ്പം തന്നെ ചരിഞ്ഞ ആന ഗര്‍ഭിണിയായിരുന്നുവെന്ന് കാണിക്കുന്ന ഹൃദ്യമായൊരു ചിത്രം കൂടി കോലി പങ്കുവെച്ചിട്ടുണ്ട്.

Loading...

അതേസമയം ലോഗോയിലെ ആനയുടെ ചിത്രം അവ്യക്തമാക്കിക്കൊണ്ടാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതികരിച്ചിരിക്കുന്നത്. ആരെയും വേദനിപ്പിക്കാത്ത ഉപദ്രവിക്കാത്ത ഒരു സാധു മൃഗത്തോട് ചിലര്‍ ചെയ്ത ക്രൂരമായ പ്രവര്‍ത്തിയെക്കുറിച്ച് അറിഞ്ഞു. അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചെരിഞ്ഞത്. ഗര്‍ഭിണിയായ ആനയ്ക്ക് പടക്കം ഭക്ഷണമായി നല്‍കുന്നതില്‍ രസം കണ്ടെത്തിയ ചിലരാണ് ഈ നിര്‍ഭാഗ്യകരമായ സംഭവത്തിന് പിന്നില്‍. ഈ പ്രവര്‍ത്തിയെ എല്ലാവരും അപലപിക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്