കാട്ടാനയെ തുരത്താന്‍ ടയറില്‍ തീക്കൊളുത്തി എറിഞ്ഞു;ആനയ്ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ മസനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തിക്കൊന്നു. ജനവാസ മേഖലയില്‍ നിന്ന് ആനയെ തുരത്താന്‍ ടയറില്‍ തീകൊളുത്തി എറിഞ്ഞതിനെ തുടര്‍ന്നാണ് പൊള്ളലേറ്റ് ആന ചരിഞ്ഞത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഞെട്ടിക്കുന്ന ദാരുണമായ ദൃശ്യങ്ങള്‍ മസനഗുഡി മാവനല്ലോയില്‍ നിന്നാണ്. ജനവാസ മേഖലയിലേക്കിറങ്ങിയതിനാണ് കാട്ടാനയോട് ഈ ക്രൂരത കാട്ടിയത്. റിസോര്‍ട്ട് ഉടമയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കാട്ടാനയെ തുരത്താന്‍ ടയറില്‍ തീ കൊളുത്തി എറിഞ്ഞു.

ആനയുടെ ചെവിയില്‍ ടയര്‍ കുരുങ്ങിയതോടെ ആനയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.ദിവസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ ഈ മാസം 19നാണ് ആന ചെരിഞ്ഞത്. വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെടുത്തത് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചു. റിസോര്‍ട്ട് ഉടമയായ റെയ്മണ്ട് ഡീന്‍, പ്രസാദ് സുകുമാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാര്‍ ആക്രമിച്ച് തകര്‍ക്കാന്‍ ശ്രമിച്ചതോടെ ആനയെ തുരത്താന്‍ തീ കത്തിച്ചെറിയുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. പ്രതികളിലൊരാളായ റിക്കി റയാനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വനം വകുപ്പ് അറിയിച്ചു.

Loading...