ആനയെ എഴുന്നള്ളിക്കുന്ന ചിലവ് താങ്ങാനാവുന്നില്ല… കുതിരയെ എഴുന്നള്ളിക്കാനൊരുങ്ങി വിവിധ ക്ഷേത്രഭാരവാഹികള്‍

ഉത്സവത്തിന് ആനയെ എഴുന്നെള്ളിക്കുന്ന ചെലവ് താങ്ങാനാവാതെ വന്നതോടെ പരിഹാരമായി കുതിരയെ എഴുന്നെള്ളിക്കാനൊരുങ്ങി കൊല്ലത്തെയും തിരുവനന്തപുരത്തെയും ക്ഷേത്രഭാരവാഹികള്‍. ഉത്സവത്തിന് എഴുന്നെള്ളിക്കാനുള്ള ചെലവ് ലാഭിക്കാനായി കൂടുതല്‍ സുരക്ഷിതമായ കുതിരകളെയാണ് ഇപ്പോള്‍ തെക്കന്‍ ജില്ലകളിലെ ചില ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നത്.

പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലും ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് കുതിരകളെ ഉപയോഗിക്കുന്നുണ്ട്. 25000 രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ് ഉത്സവത്തിന് ഒരു ആനയെ ഉപയോഗിക്കുന്നതിനുള്ള വാടക. വന്‍തുക താങ്ങാനാവാതെ വന്നതോടെയാണ് കുതിര എന്ന ആശയം ഉയര്‍ന്നത്.

Loading...

കുതിരകള്‍ സ്വന്തമായുള്ള കൊല്ലം തഴുത്തല സ്വദേശി ഇംതിയാസ് ഷാ, ചാത്തന്നൂര്‍ സ്വദേശി അജീഷ് അനില്‍കുമാര്‍, മയ്യനാട് സ്വദേശി സക്കറിയ എഡ്വേര്‍ഡ് സക്കറിയ തുടങ്ങിയവരുടെ കുതിരകള്‍ക്ക് ഈ സീസണില്‍ വലിയ ബുക്കിങ് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കൂട്ടത്തില്‍ വീരപരിവേഷമുള്ള ഇംതിയാസ് ഷായുടെ വീര, സക്കറിയയുടെ രാജ എന്നീ കുതിരകള്‍ സീസണില്‍ മുപ്പതോളം ഉത്സവങ്ങളിലാണ് പങ്കെടുത്തത്.

ബുക്കിങ് കൂടിയതോടെ പഴയ കുതിരകളെ മാറ്റി പുതിയവയെ വാങ്ങാനുള്ള ഒരുക്കത്തിലാണ് ചില ഉടമകള്‍. ഒരു കുതിരയ്ക്ക് എഴുന്നള്ളത്തിന് 5000 രൂപ മുതല്‍ 7500 രൂപ വരെ മാത്രമാണ് ചെലവ് എന്നതാണ് ക്ഷേത്രഭാരവാഹികളെ കുതിരയിലേയ്ക്ക് ആകര്‍ഷിക്കുന്നത്.

കുതിരകള്‍ കടന്നു വന്നതോടെ പല ഉത്സവങ്ങളിലും ആനകളെ പൂര്‍ണ്ണമായി ഒഴിവാക്കാനോ ആനകളുടെ എണ്ണം കുറയ്ക്കാനോ സാധിച്ചിട്ടുണ്ട്.

അതേസമയം, കുതിരകളെ ഉത്സവത്തിന് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും കുതിരപ്പുറത്ത് ഇതുവരെ തിടമ്പേറ്റിയിട്ടില്ല. ആനകളെ പൂര്‍ണ്ണമായും ഒഴിവാക്കി കുതിരകളെ ഉപയോഗിക്കുന്ന ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയോ പരികര്‍മ്മികളോ തിടമ്പ് തോളിലേറ്റുകയാണ് ചെയ്യുന്നത്. ചിലയിടങ്ങളില്‍ കുതിരയെ കെട്ടിയ രഥത്തിലും തിടമ്പേറ്റിയിട്ടുണ്ട്.