ഇന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അടിയന്തര സെനറ്റ്

കണ്ണൂര്‍. പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വെള്ളിയാഴ്ച അടിയന്തര സെനറ്റ് യോഗം ചേരുന്നു. കോടതി വിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വെള്ളിയാഴ്ച വിസി മാധ്യമങ്ങളോട് പ്രതികരിച്ചേക്കും എന്നാണ് വിവരം. കോടതി വിധി നടപ്പാക്കുന്നതിനും, തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനുമാണ് സര്‍കലാശാല സെനറ്റ് യോഗം ചേരുന്നത്.

അതേസമയം കോടതി വിധിയോടെ പ്രതിപക്ഷ യുവജന വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി സര്‍വകലാശാലയിലേക്ക് എത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. സമരം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സര്‍വകലാശാലയില്‍ ഒരുക്കിയിരിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പങ്കെടുക്കേണ്ട പരിപാടി മാറ്റിവെച്ചു.

Loading...

പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലെന്ന് ഹൈക്കോടതി. യുജിസി മാനദണ്ഡ പ്രകാരം എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് കനത്ത തിരിച്ചടി, ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ വീണ്ടും സര്‍ക്കാരിന് തോല്‍വി. പ്രിയയുടെ നിയമനം അനധികൃതമെന്ന് ഗവര്‍ണ്ണര്‍ തുറന്നടിച്ചത് മുതലാണ് സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ പോര് മുറുകിയത്. അസോസിയേറ്റ് പ്രൊഫസറാകാനുള്ള അടിസ്ഥാന യോഗ്യത പോലും പ്രിയയ്ക്ക് ഇല്ലെന്ന് ഗവര്‍ണ്ണര്‍ മുന്‍പേ പറഞ്ഞിരുന്നു. അന്ന് കൊമ്പു കോര്‍ത്തുവന്ന സര്‍ക്കാരിനും സിപിഎമ്മിനും ഉള്ള അടിയാണിപ്പോള്‍ ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രിയുടെ്‌പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.