ഇ-മൈഗ്രേറ്റ് നിയമത്തിനെതിരെ ട്രാവല്‍ ഏജന്‍സി ഉടമകള്‍ ഹൈക്കോടതിയില്‍

മുംബൈ: വിദേശത്തേക്ക് പോകുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ ഇമൈഗ്രേറ്റ് നിയമത്തിനെതിരെ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമകള്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഇമൈഗ്രേറ്റ് നിയമത്തിലെ വിദേശ തൊഴിലുടമയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ പെട്ടെന്ന് മറുപടി പറയാന്‍ കഴിയില്ലെന്നും പഠിച്ചശേഷമേ എന്തെങ്കിലും ബോധിപ്പിക്കാന്‍ കഴിയൂ എന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. മറുപടി നല്‍കാന്‍ കോടതി ഒരു ദിവസമാണ് അനുവദിച്ചത്. കേസ് പെട്ടെന്ന് പരിഗണിക്കണമെന്ന പരാതിക്കാരുടെ അഭ്യര്‍ഥന ജസ്റ്റിസുമാരായ വി.എം. കനാഡെ, ബി.പി. കൊളാബവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ചൊവ്വാഴ്ച മറുപടി നല്‍കാനാണ് കോടതി കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടിരിക്കുന്നത്. കാര്യങ്ങള്‍ പഠിക്കണമെന്നും അതിനാല്‍ കൂടുതല്‍ സമയം വേണമെന്നുമുള്ള സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി തള്ളിക്കളഞ്ഞു.

ഇമൈഗ്രേറ്റ് നിയമമനുസരിച്ച് തൊഴിലുടമ അദ്ദേഹത്തിന്റെയും നടത്തുന്ന സ്ഥാപനത്തിന്റെയും നല്‍കുന്ന വിസയുടെയും വിശദ വിവരങ്ങള്‍ ഇമൈഗ്രേറ്റ് സംവിധാനത്തില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് ഇതിന്റെ അസ്സല്‍ രേഖകള്‍ ഇന്ത്യന്‍ എംബസിയില്‍ സമര്‍പ്പിക്കുകയും വേണം. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തൊഴിലുടമയെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും അന്വേഷണം നടത്തി അദ്ദേഹം നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷമേ, ഉദ്യോഗാര്‍ഥിക്ക് വിദേശത്തേക്ക് പോകാന്‍ കഴിയുകയുള്ളൂ. തൊഴില്‍ വിസ നല്‍കുന്ന ഓരോ തൊഴിലുടമയും സങ്കീര്‍ണമായ ഇമൈഗ്രേറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിന് തൊഴിലുടമകള്‍ മടിക്കുകയാണ്. ഇതോടെ എമിഗ്രേഷന്‍ സംവിധാനം നിശ്ചലമാകുകയും ചെയ്തു.

Loading...

നേരത്തെ തൊഴിലുടമകളുടെ വിവരങ്ങള്‍ ഇമൈഗ്രറ്റ് സംവിധാനത്തില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളാണ് നല്‍കിവന്നിരുന്നത്. ഇതില്‍ മാറ്റം വരുത്തിയതാണ് പ്രശ്‌നമായത്. ഇതോടെ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മുഖേനയുള്ള നിയമനം കുത്തനെ ഇടിയുകയും ചെയ്തു. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ വിദേശത്തേക്ക് പോകാന്‍ കഴിയാതെ വലയുക കൂടി ചെയ്തതോടെയാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. പത്താം ക്ലാസ് ജയിച്ചവര്‍ക്ക് ഇമിഗ്രേഷന്‍ ആവശ്യമില്ലാത്തതിനാല്‍ ഈ പ്രശ്‌നമില്ല. വിസ സ്റ്റാമ്പ് ചെയ്തതും അല്ലാത്തതുമായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ഇമൈഗ്രേറ്റ് നിയമം കാരണം വിഷമത്തിലായത്. വിസ സ്റ്റാമ്പ് ചെയ്ത് എമിഗ്രേഷന്‍ ക്ലിയറന്‍സിനുവേണ്ടി മാത്രം കാത്തു നില്‍ക്കുന്നവര്‍തന്നെ ഏകദേശം ഒരു ലക്ഷത്തോളം പേര്‍ വരുമെന്നാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ പകുതിയും മുംബൈയിലാണ്.

ഇമൈഗ്രേറ്റ് എന്ന കടമ്പ
ഇമൈഗ്രേറ്റ് സംവിധാനം നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും രണ്ട് മാസം മുമ്പാണ് ഈ സംവിധാനത്തില്‍ തൊഴിലുടമകളുടെ വിവരങ്ങളും മറ്റും നല്‍കണമെന്ന നിബന്ധന വന്നത്. ഇത് പ്രകാരം 85ഓളം ചോദ്യങ്ങള്‍ക്കാണ് തൊഴിലുടമകള്‍ ഉത്തരം നല്‍കേണ്ടത്. പല രേഖകളും ഉള്‍പ്പെടുത്തുകയും വേണം. ഇങ്ങനെ രജിസ്റ്റര്‍ പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന പ്രത്യേക നമ്പറും അപ്ലോഡ് ചെയ്ത രേഖകളുടെ അസ്സലും ഇന്ത്യന്‍ എംബസിയില്‍ നേരിട്ട് ഏല്‍പ്പിക്കണം. മറ്റ് രാജ്യങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ തൊഴിലുടമകള്‍ ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് തൊഴിലാളികളെ ഇപ്പോള്‍ റിക്രൂട്ട് ചെയ്യുന്നത്. ഇന്ത്യക്കാര്‍ക്കുള്ള അവസരം നഷ്ടപ്പെടുന്നു എന്നു മാത്രമല്ല റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ജോലി കുത്തനെ കുറയുകയും ചെയ്തു.