വിദേശ രാജ്യങ്ങളിലേക്ക് നഴ്‌സിങ് ജോലികള്‍ക്ക് പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയതോടെ സ്വകാര്യ ഏജന്‍സികള്‍ വഴി റിക്രൂട്ട്‌മെന്റ് നേടിയവര്‍ പെരുവഴിയില്‍. ഉത്തരവ് പ്രാബല്യത്തില്‍ വന്ന ഏപ്രില്‍ 30ന് തന്നെ നാല്‍പതോളം നഴ്‌സുമാര്‍ക്ക് വിദേശത്തേക്ക് കടക്കാനായില്ല. നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ നിന്നും സ്വകാര്യ ഏജന്‍സികളെ വിലക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ചട്ടം കൊണ്ടുവന്നത്.
വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് സ്വകാര്യ ഏജന്‍സികളെ വിലക്കിക്കൊണ്ടുള്ള ഉത്തരവിന് പിന്നാലെയാണ് 18 രാജ്യങ്ങളിലേക്ക് തൊഴിലിന് പോകുന്ന നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 18 രാജ്യങ്ങളിലേക്ക് നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നത് സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളും നിര്‍ത്തിവെച്ചു.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, മലേഷ്യ, ലിബിയ, ജോര്‍ദാന്‍, യെമന്‍, സിറിയ, ലെബനോന്‍, തായ്‌ലന്റ്, ഇറാഖ് തുടങ്ങിയ 18 രാജ്യങ്ങളിലേക്ക് നഴ്‌സിങ് ജോലിക്കായി പോകുന്നവര്‍ക്ക് ഏപ്രില്‍ 30 മുതലാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത്. ഇതു പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച്ച മതിയായ വിസാ രേഖകളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 24 നഴ്‌സുമാരെ മടക്കിയയച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ 12 നഴ്‌സുമാര്‍ക്കും യാത്ര ചെയ്യാനായില്ല. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സിന്റെ പക്കല്‍ നിന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നിരോധനം മുന്നില്‍ കണ്ട് ഏപ്രില്‍ 30ന് മുമ്പായി നിരവധി സ്വകാര്യ ഏജന്‍സികള്‍ വന്‍തോതില്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 30ന് മുമ്പ് നടത്തിയ നിയമനങ്ങള്‍ക്ക് സാധുതയുണ്ടെന്ന് കരുതി ഒട്ടേറെ നഴ്‌സുമാര്‍ സ്വകാര്യ ഏജന്‍സികളുടെ റിക്രൂട്ട്‌മെന്റ് മേളയില്‍ പങ്കെടുക്കുകയും ചെയ്തു. ഇവയ്ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സി ലഭിക്കില്ലെന്ന് വന്നതോടെ ഏജന്‍സികള്‍ക്ക് നല്‍കിയ പണം എങ്ങനെ തിരിച്ചുകിട്ടുമെന്ന ആശങ്കയിലാണിവര്‍.
റിക്രൂട്ട്‌മെന്റിന്‍രെ പേരില്‍ സ്വകാര്യ ഏജന്‍സികള്‍ നഴ്‌സുമാരില്‍ നിന്നും വന്‍തുക ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശ റിക്രൂട്ട്‌മെന്റുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മാത്രമാക്കി പ്രവാസി കാര്യ മന്ത്രാലയം പുതിയ ചട്ടം കൊണ്ടുവന്നത്. കേരളത്തില്‍ നോര്‍ക്ക റൂട്ട്‌സിനും ഒഡാപെക്കിനുമാണ് റിക്രൂട്ട്‌മെന്റ് ചുമതല.
വ്യാഴാഴ്ച്ച യാത്ര ചെയ്യാനാകാതെ മടങ്ങിയ നഴ്‌സുമാര്‍ പരാതിയുമായി നോര്‍ക്കയെ സമീപിച്ചെങ്കിലും വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിങ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലായതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നാണ് നോര്‍ക്കയുടെ പ്രതികരണം. സ്വകാര്യ ഏജന്‍സികളെ വിലക്കിയതിന് പിന്നാലെ നഴ്‌സുമാര്‍ക്ക് ഇതേകുറിച്ച് മുന്നറിയിപ്പ് നല്‍കിയതാണെന്നാണ് കേരളത്തിലെ പ്രവാസി ചുമതലയുള്ള മന്ത്രി കെസി ജോസഫ് പറയുന്നത്.