ബിനീഷിന്‍റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ കണ്ടുകെട്ടാൻ ഇഡി

തിരുവനന്തപുരം: ബംഗലൂരു മയക്കുമരുന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ ‘കോടിയേരി’ വീട് കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്‍റെ സുഹൃത്തും ബിനിനസ്സ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ബെംഗളൂരു എൻഫോഴ്സ്മെന്‍റ് കത്ത് നൽകി. ബിനീഷിന്‍റ പേരിൽ പിടിപി നഗറില്‍ ‘കോടിയേരി’ എന്ന വീടും കണ്ണൂരിൽ കുടുംബ സ്വത്തുമാണ് ഉള്ളത്.

ബിനീഷിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇഡി രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തു നല്‍കിയതായാണ് റിപ്പോര്‍ട്ട്.ബിനീഷിന്റെ പേരിലുള്ള ഭൂമിയുടെയും സ്ഥാവര ജംഗമ വസ്തുക്കളുടെയും കൈമാറ്റവും ഇഡി വിലക്കിയിരുന്നു. ബിനീഷ് കോടിയേരിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തും കണ്ടുകെട്ടും.നേരത്തെ ബിനീഷിന്റെ പേരിലുള്ള സ്വത്തു വകകളുടേയും ആസ്തികളുടേയും റിപ്പോര്‍ട്ട് രജിസ്‌ട്രേഷന്‍ വകുപ്പിനോട് ഇഡി ചോദിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇഡിയുടെ നടപടി. ബംഗലൂരു ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാഹുല്‍ സിന്‍ഹയാണ് രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തു നല്‍കിയത്. കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെയും അമ്മയുടെയും സ്വത്തുവകകളും കണ്ടുകെട്ടാന്‍ ഇ ഡി തീരുമാനിച്ചിട്ടുണ്ട്.

Loading...

മൂന്നുപേരുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ കൈമാറാനായി എല്ലാ രജിസ്ട്രേഷൻ ജില്ലാ ഓഫീസർമാർക്കും കൈമാറിയിട്ടുണ്ട്. അതേ സമയം ബെംഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ട് മൂന്നു പേരുടെ സ്വത്തുവിവരങ്ങള്‍ നാർക്കോട്ടിക്ക് കണ്‍ട്രോൾ ബ്യൂറോയും ആവശ്യപ്പെട്ടിട്ടുണ്ട്. രഞ്ചിത്ത്, അനീഷ്, സാംരംഗ് എന്നിവരുടെ സ്വത്തുവിവരങ്ങളാണ് ബെംഗളൂരു നാർക്കോട്ടിക്ക് കണ്‍ട്രോൾ ബ്യൂറോ രജിസ്ട്രേഷൻ വിഭാഗത്തോട് ചോദിച്ചിട്ടുള്ളത്.