യുഎഇയില്‍ പ്രവേശനവിലക്ക് ഇന്നുമുതല്‍;വിലക്ക് താമസവിസക്കാര്‍ക്ക്

ദുബായ്: യുഎഇയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ പ്രവേശനവിലക്ക്. താമസവിസക്കാര്‍ക്കാണ് പ്രവേശവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ അവധിക്കായി നാട്ടിലെത്തിയവര്‍ക്ക് വിലക്ക് പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞാല്‍ തിരിച്ച് യുഎഇയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. രണ്ടാഴ്ചത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സാധുതയുള്ള എല്ലാത്തരം വിസക്കാര്‍ക്കും ഇത് ബാധകമാണ്.

ഇപ്പോൾ വിദേശത്തുള്ള താമസ വിസക്കാർക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാർക്കും പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൊറോണ വൈറസ് പടരുന്നതിന്‍റെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും. സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളില്‍ പെടുന്നവർക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു ഇതാദ്യമായാണ് താമസ വിസക്കാർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.

Loading...

അതേസമയം ബ്രിട്ടനില്‍ മരണസംഖ്യ 100 കടന്നു. എഴുന്നൂറോളം പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തത്. ഇതോടെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ബ്രിട്ടന്റെ തീരുമാനം.ബുധനാഴ്ച ബ്രിട്ടനിൽ 33 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചത് 676 പേർക്കും. 2626 പേർക്കാണ് ഇതുവരെ ബ്രിട്ടനിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ യഥാർഥ സംഖ്യ അര ലക്ഷത്തിനു മേലെയാണെന്നാണ് സർക്കാർ വൃത്തങ്ങൾ തന്നെ അനൗദ്യോഗികമായി സമ്മതിക്കുന്നത്. സ്ഥിതിഗതികൾ പെട്ടെന്ന് അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് സർക്കാർ കടുത്ത നടപടികൾ പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ സ്കൂളുകളും വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അടയ്ക്കും. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിങ്ങനെ എല്ലായിടത്തും ഒരേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കാനാണ് തീരുമാനം.

നോർത്തേൺ അയർലൻഡിൽ ബുധനാഴ്ച തന്നെ സ്കൂളികൾ അടച്ചു. ഈ അധ്യയനവർഷം ഒരു സ്കൂളിലും പരീക്ഷകൾ ഉണ്ടാകില്ല. ജി.സി.എസ്.ഇ, എ ലെവൽ കുട്ടികളുടെ പരീക്ഷ റദ്ദാക്കിയാലും തുടർപഠനത്തിന് ആവശ്യമായ ക്വാളിഫിക്കേഷൻ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി.ഡോക്ടർമാർ, നഴ്സുമാർ, പൊലീസ്, ഡെലിവറി ജീവനക്കാർ, തുടങ്ങിയ കീ വർക്കർമാരുടെ കുട്ടികളെ സ്കൂളിൽതന്നെ പകൽസമയം സംരക്ഷിക്കുന്നതിന് നടപടിയുണ്ടാകും. സ്പെഷൽ സംരക്ഷണം ആവശ്യമുള്ള കുട്ടികളെയും സ്കൂളുകളിൽ പകൽസമയം സംരക്ഷിക്കും.ഇതുവരെ സ്കൂളുകൾ അടയ്ക്കാതെയുള്ള പ്രതിരോധമാണ് സർക്കാർ നടത്തിയിരുന്നത്. എന്നാൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പ് പല കോണുകളിൽനിന്നും ഉണ്ടായതോടെ കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുകയായിരുന്നു.

56,221 പേർക്കാണ് ഇതുവരെ ബ്രിട്ടണിൽ രോഗപരിശോധന നടത്തിയത്. ദിവസേന 25,000 പേരെ വീതം പരിശോധനയ്ക്കു വിധേയരാക്കാനുള്ള പദ്ധതിയാണ് സർക്കാർ തയാറാക്കിയിരിക്കുന്നത്. പനി ലക്ഷണമുള്ള എല്ലാവരെയും ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയരാക്കും. പൊതുജീവിതത്തിന് നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതേപടി തുടരും. ചർച്ച് ഓഫ് ഇംഗ്ലണ്ടിനു പുറമേ കത്തോലിക്കാ സഭയും ഞായറാഴ്ച തിരുക്കർമ്മങ്ങൾ ഉൾപ്പെടെ പള്ളികളിലെ എല്ലാ സർവീസുകളും നിർത്തിവച്ചു. സൂപ്പർ മാർക്കറ്റുകളിൽനിന്നും സാധനങ്ങൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ആളുകൾ അനാവശ്യമായി സാധനങ്ങൾ വാങ്ങി ശേഖരിക്കുന്നത് തടയാനാണിത്. ഓൺലൈൻ പർചേസിനും നിയന്ത്രണമുണ്ട്.