തിരുവനന്തപുരം/ വിമാനയാത്ര വിലക്കിന് പിന്നാലെ ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇപി ജയരാജന്. ഇന്‍ഡിഗോ നിലവാരമില്ലാത്ത വൃത്തിക്കെട്ട കമ്പനിയാണ്. താന്‍ ആരാണെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
ചട്ടവിരുദ്ധമായിട്ടാണ് ഇന്‍ഡിഗോ തനിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ക്രമിനിനല്‍ സംഘത്തെ തടയുവാന്‍ വിമാനക്കമ്പനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിമാനത്തില്‍ പ്രതിഷേധം നടത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരെ തള്ളിയിട്ട ഇപി ജയരാജനും വിമാനക്കമ്പനി യാത്രവിലക്കേര്‍പ്പെടുത്തിയത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തെ യാത്രവിലക്കാണ് ഉള്ളത്. എന്നാല്‍ ഇപി ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രവിലക്കാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഏര്‍പ്പെടുത്തിയത്.
സംഭവത്തില്‍ ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ കേസ് എടുത്തപ്പോള്‍ ഇപി ജയരാജനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.