തിരുവനന്തപുരം : മൂന്ന് ദിവസം നീണ്ടു നിന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങളിൽ നിന്ന് വിട്ടുനിന്ന് കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജൻ. ആയുർവേദ ചികിത്സയിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ജയരാജൻ നൽകുന്ന വിശദീകരണം. പാർട്ടി നേതൃയോഗങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന ഇ.പി. ജയരാജന്റെ സമീപനം പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയാണ്.
തുടക്കത്തിൽ അവധിയെടുത്ത് വിട്ടു നിന്നെങ്കിലും പിന്നീട് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജയരാജന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട റിസോർട്ടിനെ ചൊല്ലി ആരോപണമുയർന്നതോടെ, അടുത്ത ഏതാനും നേതൃയോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു.
വിഷയം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചെങ്കിലും ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഒതുങ്ങി. എന്നാൽ തുടർന്നിങ്ങോട്ടും ജയരാജൻ നേതൃയോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് തുടരുകയാണ്. എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷമാണ് പാർട്ടിയിൽ നിന്നും ജയരാജൻ അകലം പാലിച്ചു തുടങ്ങിയത്.