കൊച്ചി നഗരം കര്‍ശന നിയന്ത്രണത്തില്‍,കണ്ടെയ്ന്‍മെന്റ് സോണുകളിലെ റോഡുകളടച്ചു

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരം കര്‍ശന നിയന്ത്രണത്തിന് കീഴിലായി. നഗരത്തിലെ കണ്ടൈന്‍മെന്റ് സോണുകളില്‍ യാത്ര ചെയ്യാന്‍ പ്രധാന പാതയൊഴികെ മറ്റെല്ലാ പാതകളും പോലീസ് അടച്ചു. ഇരുപത്തിയേഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പോലീസും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.അര്‍ധരാത്രി മുതലാണ് കൊച്ചിയിലെ കണ്ടൈന്‍മെന്റ് സോണുകളില്‍ പോലീസ് കാവലേര്‍പ്പെടുത്തിയത്. ഇന്നലെ പ്രഖ്യാപിച്ച കൊച്ചി കോര്‍പ്പറേഷനിലെ 5 ഡിവിഷനുകള്‍ ഉള്‍പ്പടെയുള്ള പത്ത് കണ്ടൈന്‍മെന്റ് സോണുകളിലും ഒരു വഴി മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി.

അതും അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രം.എറണാകുളം മാര്‍ക്കറ്റിനു പിന്നാലെ രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ആലുവ മാര്‍ക്കറ്റും അടച്ചു. ചമ്പക്കര മാര്‍ക്കറ്റ് കര്‍ശന നിയന്ത്രണത്തിന് കീഴിലായി പ്രവര്‍ത്തനം. നഗരത്തിലെ പ്രധാന റോഡുകളില്‍ എല്ലാം പോലീസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന തുടരുന്നുണ്ട്. സമൂഹ വ്യാപനം നിലവില്‍ ഇല്ലെങ്കിലും സ്ഥിതി സങ്കീര്ണമായാല്‍ ട്രിപ്പിള്‍ ലോക് ഡൗണിലേക്ക് ഉള്‍പ്പടെ നഗരം നീങ്ങാന്‍ ഒരുങ്ങുകയാണ്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകള്‍ ഒഴികെ മറ്റൊരു വാണിജ്യ വ്യവസായ സ്ഥാപനവും നിലവില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. സമ്പര്‍ക്കം വഴി ഇത് വരെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 27 പേരില്‍ പത്തോളം പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Loading...

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരിക്കാന് ജില്ലയില്‍ ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. പ്രീപെയ്ഡ് ടാക്‌സി കൗണ്ടറില്‍ ജോലി ചെയ്ത വരികയായിരുന്ന ഇവരെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അടുത്ത ബന്ധുക്കളുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അയച്ചിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയും തയ്യാറാക്കി വരികയാണ്.