ആടിക്കുഴഞ്ഞ് നിന്ന പ്രതിയോട് മദ്യപിച്ചിട്ടുണ്ടോ എന്നു ജഡ്ജി, മറുപടി ഇങ്ങനെ

കോടതിക്കുള്ളില്‍ പലപ്പോഴും ചില രസകരമായ സംഭവങ്ങളും കൗതുകകരമായ സംഭവങ്ങളും നടക്കാറുണ്ട്. അത്തരത്തില്‍ മൂവാറ്റുപുഴക്കോടതിയില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. കോടതിയില്‍ മദ്യലഹരിയില്‍ ആടിക്കുഴഞ്ഞു നിന്ന കഞ്ചാവ് കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജഡ്ജിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. മുടവൂര്‍ ആനകുത്തിയില്‍ ബിനോയി (35) ആണ് അറസ്റ്റിലായത്.

ഒന്നര കിലോഗ്രാം കഞ്ചാവുമായി പിടിയിലായ ബിനോയിക്കെതിരെ മൂവാറ്റുപുഴ എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ നടക്കുമ്‌ബോഴാണ് സംഭവം. രാവിലെയുള്ള വിസ്താരം കഴിഞ്ഞ് കോടതി പിരിഞ്ഞശേഷം വീണ്ടും കോടതിയില്‍ വിസ്താരം ആരംഭിച്ചപ്പോഴായിരുന്നു ഇയാള്‍ മദ്യപിച്ചെത്തിയത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പിറുപിറുത്ത് നിന്ന ബിനോയിയോട് മദ്യപിച്ചിട്ടുണ്ടോ എന്ന് ജഡ്ജി ചോദിച്ചു. രാവിലത്തെ വിസ്താരം കഴിഞ്ഞ് പുഴത്തീരത്തുപോയി രണ്ടെണ്ണം അടിച്ചെന്ന് ബിനോയി പറഞ്ഞു.

Loading...

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തലയ്ക്ക് പിടിച്ചെന്നും ഇയാള്‍ വ്യക്തമാക്കി. തുടര്‍ന്ന് ബിനോയിയെ കോതി മുറിയില്‍ നിന്നും മാറ്റിയശേഷം പൊലീസിനെ വിളിച്ചുവരുത്തി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധന നടത്തിയശേഷം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.