എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്റെ കൊവിഡ് പരിശോധനാഫലം പുറത്ത്

കൊച്ചി: എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ്എൽടിസിക്ക് ഒരു ക്ലബ്ബിന്റെ ഭാരവാഹികൾ കളക്ടറുടെ സാന്നിധ്യത്തിൽ സാധന സാമഗ്രികൾ കൈമാറിയിരുന്നു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇവ സ്വീകരിച്ചത്. ക്ലബ്ബ് ഭാരവാഹികളിലൊരാൾക്ക് കൊവിഡ് ഫലം പോസിറ്റീവായതിനെ തുടർന്ന് കളക്ടർ ഹോം ക്വാറന്റീനിൽ പ്രവേശിക്കുകയും പരിശോധനക്ക് വിധേയനാവുകയുമായിരുന്നു.

അതേസമയം, എറണാകുളം ജില്ല ഗവണ്മെന്റ് പ്ലീഡർ ഓഫീസിലെ ജീവനക്കാരിക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ജില്ല ഗവണ്മെന്റ് പ്ലീഡറുടെ ഓഫീസ് ഓഗസ്റ്റ് അഞ്ച് വരെ അടച്ചിടും. ഓഫീസിന്റെ പ്രവർത്തനം ഓൺലൈൻ ആയി തുടങ്ങി. ഓഫീസിൽ എത്തിയ ഒരു പൊലീസുകാരന് ജൂലൈ 23ന് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഈ ജീവനക്കാരിയുമുണ്ടായിരുന്നു.

Loading...

അതേസമയം സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു.