എറണാകുളത്ത് 13 പേർക്ക് കൂടി കൊവിഡ് : ആറ് പേരുടെ ഉറവിടം അവ്യക്തം: ജില്ലയിൽ ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കും

കൊച്ചി: എറണാകുളത്ത് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേരുടെ ഉറവിടം വ്യക്തമല്ല. രോ​ഗികളുടെ എണ്ണം കൂടിയാല്‍ ജില്ലയിൽ ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കമെന്ന് വിജയ് സാഖറെ പറഞ്ഞു. അതേസമയം, ജില്ലയിൽ ഇന്ന് ഏഴ് പേർ രോഗമുക്തി നേടി. അതേസമയം, കൊവിഡ് രോഗികളുടെ എണ്ണം കൂടിയാൽ എറണാകുളം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ഐ ജി വിജയ് സാക്കറെ അറിയിച്ചു. നാളെ പുലർച്ചെ മുതൽ ജില്ലയിൽ കർശന പരിശോധന ഏർ‍പ്പെടുത്തും. അമ്പത് എസ്ഐമാരുടെ നേതൃത്വത്തിലാണ് ജില്ലയിൽ വ്യാപകമായി പരിശോധന നടത്തുക. കൊച്ചി നഗരത്തിലടക്കം ഉറവിടമറിയാത്ത രോഗികളുണ്ട്.

പാലാരിവട്ടത്തുള്ള എൽഐസി ഏജന്റ്, തൃക്കാക്കരയിലെ ഒരു വീട്ടമ്മ, ആലുവയിലെ ഓട്ടോ ഡ്രൈവർ, പറവൂറിലെ സെമിനാരി വിദ്യാർത്ഥി, കടവന്ത്ര സ്വദേശിയായ നേവിയിലെ ഒരു ഉദ്യോഗസ്ഥൻ, കൊച്ചി കോര്‍പ്പറേഷൻ പരിധിയിലെ ഒരു ആക്രി കച്ചവടക്കാരൻ എന്നിവർക്കാണ് എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇവരിൽ നിന്നുള്ള പ്രാഥമിക സമ്പർക്ക പട്ടികയിൽ നിരവധി പേരുണ്ട്.

Loading...

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവർ

ജൂലൈ 1 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുള്ള ഗുജറാത്ത് സ്വദേശി, ഹൈദ്രബാദ് കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശിനി, ജൂൺ 30 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ 52 വയസ്സുള്ള തമ്മനം സ്വദേശി, ജൂൺ 30 ന് ദമാം കൊച്ചി വിമാനത്തിലെത്തിയ 58 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂൺ 30 ന് ദോഹ കൊച്ചി വിമാനത്തിലെത്തിയ 54 വയസ്സുള്ള കീഴ്മാട് സ്വദേശി, അതേ വിമാനത്തിലെത്തിയ 51 വയസ്സുള്ള ഇദ്ദേഹത്തിൻ്റെ അടുത്ത ബന്ധു, ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 40 വയസ്സുള്ള കാലടി സ്വദേശി, കൂടാതെ 54 വയസ്സുള്ള വെണ്ണല സ്വദേശി, 52 വയസ്സുള്ള കടവന്ത്ര സ്വദേശിനി, 35 വയസ്സുള്ള പാലാരിവട്ടം സ്വദേശി, 51 വയസ്സുള്ള തൃക്കാക്കര സ്വദേശി, 51 വയസ്സുള്ള കടുങ്ങല്ലൂർ സ്വദേശി 29 വയസ്സുള്ള പറവൂർ സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, ജില്ലയില്‍ ഇന്ന് 7 പേർ രോഗമുക്തി നേടി. ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള ആലങ്ങാട് സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള അശമന്നൂർ സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള നേര്യമംഗലം സ്വദേശി, ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 52 വയസുള്ള ആലുവ സ്വദേശിയും രോഗമുക്തി നേടി. ഐ എൻ എച്ച് സഞ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികനും ഇന്ന് രോഗമുക്തി നേടി. അതേസമയം, എറണാകുളം മാർക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയതിൽ ഫലം ലഭിച്ച 61 എണ്ണവും നെഗറ്റീവ് ആണ്.

ജില്ലയില്‍ ഇന്ന് രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. പിറവം വാർഡ് 17, പൈങ്ങോട്ടൂർ 5 എന്നിവയാണ് ഹോട്ട്സ്പോട്ടുകളാക്കിയത്. അതേസമയം, ഇന്ന് 1023 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 963 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. 13033 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 11001 പേർ വീടുകളിലും, 806 പേർ കൊവിഡ് കെയർ സെന്ററുകളിലും 1226 പേർ പണം കൊടുത്ത് ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.