അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ വിദ്യാര്‍ത്ഥിയെ ഇന്റേണല്‍ പരീക്ഷയ്ക്ക് എത്തിച്ചു; അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം

കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ വിദ്യാര്‍ത്ഥിയെ ഇന്റേണല്‍ പരീക്ഷക്ക് വിളിച്ചുവരുത്തിയ അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം ശക്തം. എറണാകുളം ഗവ. ലോ കോളജിലാണ് ഇത്തരമൊരു സംഭവം നടന്നത്. കാലിനും കൈയ്ക്കും പരുക്കേറ്റ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അതുല്‍ സുന്ദറിനെ പരീക്ഷയ്ക്കായി വിളിച്ചുവരുത്തിയതാണ് പ്രശ്‌നമായത്. അതുലിനെ വിളിച്ചു വരുത്തിയ അധ്യാപികയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയത്. അധ്യാപിക മാപ്പ് പറയണമെന്നും വിദ്യാര്‍ത്ഥി പരീക്ഷയ്ക്കായി ടാക്‌സി പിടിച്ചു എത്തിയതിനുള്ള ചെലവ് നല്‍കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അധ്യാപികയായ എ കെ മറിയാമ്മയ്‌ക്കെതിരെയാണ് വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത പ്രതിഷേധം നടന്നത്. സ്റ്റാഫ് റൂമില്‍ അധ്യാപികയെ മണിക്കൂറുകളോളം ഇവര്‍ ഉപരോധിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇടക്കൊച്ചിയിലുണ്ടായ ബൈക്ക് അപകടത്തിലാണ് അതുലിന്റെ ഇടതു കാലിനും ഇടതു കൈയ്ക്കും പരുക്കേറ്റത്. പരുക്കുള്ളതിനാല്‍ കൈ സ്ലിങ് ഇട്ടും കാല്‍ അനങ്ങാതിരിക്കാന്‍ പാഡ് കെട്ടിയും നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ വിശ്രമത്തിലാണ് അതുലിപ്പോള്‍. ഇന്റേണല്‍ പരീക്ഷ എഴുതാന്‍ എത്താനാകില്ലെന്ന് പറഞ്ഞ് അതുലും പിതാവും അധ്യാപികയെ ബന്ധപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. പ്രിന്‍സിപ്പലും അധ്യാപികയുടെ തീരുമാനത്തിനു വിട്ടതോടെ നെയ്യാറ്റിന്‍കരയില്‍ നിന്നു ടാക്‌സിയില്‍ ഇവര്‍ കൊച്ചിയിലേക്ക് വരികയായിരുന്നു.

Loading...

11.30ന് നിശ്ചയിച്ചിരുന്ന പരീക്ഷ മ്യൂസിക് ക്ലബ് പരിപാടി മൂലം ഉച്ചയ്ക്ക് 1.30ലേക്കു മാറ്റി. അതുവരെ അതുലിനെ വാഹനത്തില്‍ ഇരുത്തുന്നത് ശരിയല്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചതിനെത്തുടര്‍ന്ന് സ്റ്റാഫ് റൂമിലിരുത്തി രാവിലെ പത്ത് മണിയോടെ പരീക്ഷ എഴുതാന്‍ അനുവദിച്ചു. അതുല്‍ പരീക്ഷ എഴുതി മടങ്ങിയതിന് ശേഷമാണ് സഹപാഠികള്‍ സ്റ്റാഫ് റൂമിലെത്തി പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്ന് കോളജ് അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച സ്റ്റാഫ് മീറ്റിങ് വിളിക്കാമെന്ന ധാരണയിലാണ് പ്രതിഷേധം അവസാനിച്ചത്.

3 വര്‍ഷ എല്‍എല്‍ബി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അതുലിനെ ‘സിവില്‍ പ്രൊസിജിയര്‍’ പരീക്ഷ എഴുതാനാണ് വിളിച്ചുവരുത്തിയത്. ഒരു സെമസ്റ്ററില്‍ മൂന്ന് ഇന്റേണല്‍ പരീക്ഷകള്‍ നടത്തി ഇതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന പരക്ഷയുടെ മാര്‍ക്കാണ് ഇന്റേണലിന് പരിഗണിക്കുന്നത്. സിവില്‍ പ്രൊസീജിയര്‍’ പേപ്പറില്‍ ഇതു രണ്ടാമത്തെ ഇന്റേണല്‍ പരീക്ഷയാണ് നടത്തുന്നതെന്നും അടുത്ത പരീക്ഷ എഴുതാന്‍ അവസരം ഉണ്ടായിരിക്കെ ഇപ്പോള്‍ എടുത്ത നിലപാട് മനുഷ്യത്വരഹിതമാണെന്നും സഹപാഠികള്‍ ആരോപിച്ചു.