അസമില്‍ ഒരു വയസ്സുകാരിയെ മരണത്തിന്റെ മുള്‍മുനയില്‍ നിന്നും രക്ഷിച്ചത് അങ്കമാലി സ്വദേശി

അസമില്‍ ഒരു വയസ്സുകാരിയെ മരണത്തിന്റെ മുള്‍മുനയില്‍ നിന്നും രക്ഷിച്ചത് മലയാളിയായ വ്യക്തി. പ്രസവത്തിനിടെ അമ്മ മരിച്ചാല്‍ ജനിക്കുന്ന കുഞ്ഞും അമ്മയോടൊപ്പം മരിക്കണം എന്ന ആചാരം നിലനില്‍ക്കുന്ന സ്ഥലമാണ് അസമിലെ കാര്‍ബി. അങ്ങനെ നിരവധി കുട്ടികള്‍ മരണത്തിന് കീഴ്‌പ്പെട്ടിട്ടുണ്ട്.

അസമിലെ ഉള്‍നാട്ടില്‍ മരണത്തിന്റെ മുളമുനകളില്‍ നിന്ന് ഒരു വയസ്സുകാരിയെ രക്ഷപ്പെടുത്തിയത് വര്‍ഷങ്ങളായി അവിടെ ഗോത്രവര്‍ഗക്കാരുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന ബ്രദര്‍ മിഥുനാാണ്. അങ്കമാലി ടൗണ്‍ ബ്രദറണ്‍ അസംബ്ലി പ്രതിനിധിയായ മിഥുന്‍ മിഷനറി ചാലഞ്ചിന്റെ ഭാഗമായാണ് അസമിലെ കാര്‍ബി ആങ് ലോങ് ജില്ലയിലെത്തുന്നത്. 5 വര്‍ഷമായി അവിടെ ബെയ്ദ ഗ്രാമത്തിലെ മംഗോളി ട്രൈബല്‍ ഗ്രാമത്തില്‍ ഗോത്രവര്‍ഗത്തിന്റെ സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക്കുന്നു. അതോടൊപ്പം അവിടത്തെ സ്‌കൂളില്‍ അധ്യാപകനുമാണ്.

Loading...

കാര്‍ബി ജില്ലയില്‍ മാത്രം 10 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഈ ഗോത്ര വര്‍ഗ സമൂഹത്തിന്റെ പ്രാകൃതമായ ആചാരത്തില്‍ നിന്നാണ് മിഥുന്‍ രൂപ്മിലിയെ രക്ഷപ്പെടുത്തിയത്. ജെറോം-സോന്‍ഫി പടോര്‍പി ദമ്പതികളുടെ നാലാമത്തെ മകളായാണ് രൂപ്മിലി ജനിക്കുന്നത്. പ്രസവത്തോടെ സോന്‍ഫി മരിച്ചു. പ്രസവത്തിനിടെ അമ്മ മരിച്ചാല്‍ ആ കുഞ്ഞും അതോടൊപ്പം മരിക്കണം എന്നാണ് അവിടത്തെ ക്രൂരമായ ആചാരം. അതിനായി മാതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ കുട്ടിയെ കൂര്‍പ്പിച്ച മുളങ്കമ്പുകളില്‍ ജീവനോടെ കോര്‍ത്ത് മൃതദേഹത്തിന്റെ പാദത്തിനരികില്‍ നാട്ടും. ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ കുട്ടിയും മരിക്കും. പിന്നീട് കുട്ടിയെയും അമ്മയോടൊപ്പം സംസ്‌കരിക്കുകയാണു പതിവ്.

രൂപ്മിലിയെയും മുളങ്കമ്പുകളില്‍ കുത്തി നിര്‍ത്താന്‍ തയാറെടുക്കുന്നതിനിടെയാണ് മിഥുന്‍ വിവരമറിഞ്ഞ് എത്തുന്നത്. ആചാരപ്രകാരം പിതാവിന് കുട്ടിയെ ഏറ്റെടുക്കാനാകില്ല. ഏറ്റെടുത്താല്‍ ഗ്രാമം വിട്ടു പൊയ്‌ക്കൊള്ളണം. മാതാവിന്റെ ബന്ധുക്കള്‍ക്ക് കുട്ടിയെ ഏറ്റെടുക്കാന്‍ ആചാരം അനുവദിക്കുന്നുണ്ടെങ്കിലും മുഴുപ്പട്ടിണിയില്‍ വലയുന്ന ഗ്രാമവാസികള്‍ അതിനു തയാറാകാറില്ല.

മിഥുന്‍ ഗോത്രത്തലവനുമായി ബന്ധപ്പെട്ടെങ്കിലും വിട്ടുനല്‍കിയില്ല. അതേസമയം, സാമൂഹിക പ്രവര്‍ത്തനത്തിലൂടെ പ്രിയങ്കരനായി മാറിയ മിഥുന്റെ അഭ്യര്‍ഥന പ്രകാരം മുളങ്കമ്പില്‍ കുത്തിനിര്‍ത്തി കുട്ടിയെ കൊല്ലുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ഗോത്രത്തലവന്‍ തയാറായി. ഗോത്രചരിത്രത്തില്‍ ആദ്യമായായിരുന്നു അങ്ങിനെയൊരു ഒഴിവാക്കല്‍.

തുടര്‍ന്ന് മിഥുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കുട്ടിയെ ഏറ്റെടുക്കാനുള്ള അനുമതി തേടി. ഗോത്രാചാരം നിലനിര്‍ത്താനായി സോന്‍ഫിയുടെ സഹോദരിയുടെ പേരില്‍ ആണ് ഏറ്റെടുക്കല്‍ അപേക്ഷ നല്‍കിയത്. കുട്ടിയുടെ സംരക്ഷണത്തിന് അവിടത്തെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ മിഥുനും കുട്ടിയുടെ പിതാവും തമ്മില്‍ കരാറുണ്ടാക്കി. അവിടെ നിന്നു ചികിത്സയ്ക്കായി കൊച്ചിയിലേക്കു പോയ കുടുംബമാണ് കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്.

കഴിഞ്ഞ നവംബര്‍ 8ന് ഇവിടെ മിഥുന്റെ മാതാപിതാക്കളായ ജോണിയും മെറീനയും കുട്ടിയെ ഏറ്റെടുത്തു. ഗുരുതരമായ പോഷകാഹാരക്കുറവു മൂലം മരണത്തിന്റെ വക്കിലായിരുന്നു കുട്ടി. കോട്ടയം മെഡിക്കല്‍ കോളജില്‍ 25 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യം വീണ്ടെടുക്കാനായത്. ഇപ്പോള്‍ മേയ്ക്കാട്ടെ വീട്ടില്‍ ജോണിയുടെയും മെറീനയുടെയും അരുമയായി രൂപ്മിലി വളരുന്നു.