ഏപ്രിൽ പത്തിനകം 9 വരെ ക്ലാസുകളിലെ പരീക്ഷകൾ തീർക്കും;ക്ലാസ് മാർച്ച് 31 വരെ

തിരുവനന്തപുരം: ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഏപ്രിൽ പത്തിനുള്ളിൽ തീർക്കും. വിദ്യാഭ്യാസവകുപ്പും അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. മാർച്ച 31-നുള്ളിൽ തന്നെ പാഠഭാഗങ്ങൾ തീർക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ശനിയാഴ്ച പ്രവൃത്തി ദിനമാക്കി മാറ്റിയുള്ള ക്ലാസുകൾ മാർച്ച് വരെ മാത്രം മതിയെന്നും ചർച്ചയിൽ തീരുമാനമായി.

ഫെബ്രുവരി 21 മുതൽ ഓൺലൈൻ ക്ലാസുകൾ നിർബന്ധമാക്കില്ലെന്നും എന്നാൽ ആവശ്യമുള്ളവർക്ക് തുടരാമെന്നുമാണ് ച‍ർച്ചയിലെ ധാരണ. പരീക്ഷാ നടത്തിപ്പിനും പാഠഭാ​ഗങ്ങൾ തീ‍ർക്കുന്നതുമടക്കമുള്ള കാര്യങ്ങൾ ച‍ർച്ച ചെയ്യാൻ ഫെബ്രുവരി 21ന് മുൻപായി വിപുലമായ യോഗങ്ങൾ ചേരും.

Loading...

സ്കൂളുകൾ പൂ‍ർണമായി തുറക്കാനുള്ള സർക്കാർ തീരുമാനവുമായി സഹകരിക്കാമെന്ന് അധ്യാപകസംഘടനകൾ യോ​ഗത്തിൽ അറിയിച്ചു. സ്‌കൂൾ പൂർണമായി തുറക്കുന്നതിൽ കൂടിയാലോചന നടത്താത്തതിലുള്ള പ്രതിഷേധവും അധ്യാപക സംഘടനകൾ വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ നേരിട്ട് അറിയിച്ചു. പ്രത്യേക സാഹചര്യത്തിലാണ് ശനിയാഴ്ച കൂടി അധ്യയനം നടത്തേണ്ടി വന്നതെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. അഭിപ്രായം പറഞ്ഞതിന്റെയോ വിമ‍ർശിച്ചതിന്റെയോ പേരിൽ അധ്യാപകർക്ക് എതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പ് നൽകി.