ഫോണിന്റെ പാസ്വേഡ് നല്‍കാത്തതിനു ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്ന കേസില്‍ ഗള്‍ഫ് പൗരന് വധശിക്ഷ. മക്കളുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് അബുദാബി പരമോന്നത കോടതി യുവാവിന് ശിക്ഷ വിധിച്ചത്. വധശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി പരമോന്നത കോടതി ശരിവയ്ക്കുകയായിരുന്നു.
17 വര്‍ഷം മുന്‍പു വിവാഹിതരായ ദമ്ബതികള്‍ക്ക് ആറു മക്കളുണ്ട്. 16 വയസുള്ള മൂത്ത മകനായിരുന്നു കേസിലെ മുഖ്യ സാക്ഷി. സംഭവദിവസം കറുത്ത ബാഗുമായി വീട്ടിലെത്തിയ പിതാവ് അമ്മയോടു ഫോണിന്റെ പാസ്വേഡ് ചോദിച്ചു വഴക്കുണ്ടാക്കിയിരുന്നുവെന്ന് മകന് കോടതിയില്‍ മൊഴി നല്കി.
എന്നാല്‍ പാസ് വേഡ് നല്കാന് മാതാവ് വിസമ്മതിച്ചതോടെ ബാഗില്‍ നിന്ന് ആസിഡ് എടുത്തു പിതാവ് മുഖത്തൊഴിക്കുകയായിരുന്നു. അമ്മയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കുട്ടികള്‍ക്കും പൊള്ളലേറ്റു. തണുത്ത തുണി ഉപയോഗിച്ച് അമ്മയുടെ ശരീരം തുടയ്ക്കാന്‍ ഇയാള്‍ മക്കളോട് ആവശ്യപ്പെട്ടെന്നും മക്കളുടെ കയ്യില്‍ കിടന്നാണ് അമ്മ മരിച്ചതെന്നുമുള്ള സാക്ഷിമൊഴി കോടതി തെളിവായി സ്വീകരിച്ചു. പ്രതി ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും ഭാര്യയെ പലവട്ടം ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു.
അവിഹിത ബന്ധമുണ്ടെന്നാരോപിച്ചു കൊല്ലാന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി ഭാര്യ നേരത്തേ ഇയാള്‍ക്കെതിരെ വിവാഹമോചന ഹര്‍ജിയും നല്‍കിയിരുന്നു. അതേസമയം വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും മക്കള്‍ ഒറ്റപ്പെട്ടു പോകുമെന്നും ഇയാള്‍ കോടതിയെ അറിയിച്ചെങ്കിലും ശിക്ഷയില്‍ ഇളവു നല്കാന് കോടതി തയ്യാറായില്ല. വധശിക്ഷ ഇസ്ലാമിക നിയമത്തിന് എതിരാണെന്ന വാദവും പരമോന്നത കോടതി തള്ളി.