ഗോതമ്പ് ഉത്പന്നങ്ങൾക്ക് നാലു മാസത്തേക്ക് കയറ്റുമതി വിലക്ക്

ഇന്ത്യയിൽനിന്ന് ഇറക്കുമതിചെയ്യുന്ന എല്ലാത്തരം ഗോതമ്പ് ഉത്പന്നങ്ങൾക്കും നാലുമാസത്തേക്ക് കയറ്റുമതിവിലക്ക് ഏർപ്പെടുത്തി യു.എ.ഇ. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യരുതെന്ന് യു.എ.ഇ. ധനകാര്യമന്ത്രാലയം നിർദേശിച്ചു. മേയ് 13 മുതൽ ഈ വിലക്ക് പ്രാബല്യത്തിലുണ്ട്. അന്താരാഷ്ട്ര സാഹചര്യങ്ങൾ പരിഗണിച്ചും ഇന്ത്യയുമായി യു.എ.ഇ.ക്കുള്ള വാണിജ്യബന്ധത്തെ വിലമതിച്ചുകൊണ്ടുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രാലയം അറിയിച്ചു.

വ്യവസായമേഖലകളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മേയ് 13-ന് മുമ്പ് ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള ഗോതമ്പോ ഗോതമ്പ് ഉത്പന്നങ്ങളോ യു.എ.ഇ.ക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യണമെങ്കിൽ മന്ത്രാലയത്തിൽനിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. ഇത്തരം ഉത്പന്നങ്ങൾ കൊണ്ടുവന്ന തീയതി ഉൾപ്പെടെ തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.

Loading...

ഇന്ത്യ പ്രഖ്യാപിച്ച കയറ്റുമതിവിലക്കിൽ ഇളവ് അനുവദിച്ചുകൊണ്ടാണ് യു.എ.ഇ.യുടെ ആഭ്യന്തര ഉപയോഗത്തിന് ഗോതമ്പ് നൽകുന്നത്. ഇതുകൂടി പരിഗണിച്ചാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത്. ഇന്ത്യൻ വിപണിയിൽ നിന്നെത്തുന്ന ഗോതമ്പ് രാജ്യത്തെ ആഭ്യന്തരാവശ്യത്തിനായി മാത്രം മാറ്റിവെക്കും.