കാലിഫോര്‍ണിയ: ആത്മഹത്യാ പ്രവണത തടയാനുള്ള സംവിധാനവുമായി ഫെയ്‌സ്ബുക്ക് രംഗത്ത്. സുഹൃത്തുക്കള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകളില്‍ അവര്‍ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നു തെളിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ആ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യാം.

റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഗൗരവം പരിഗണിച്ച് ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ പ്രൊഫൈല്‍ വിശകലനം ചെയ്ത് വിദഗ്ദരുടെ സഹായത്തോടെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കും. ഓണ്‍ലൈന്‍ പരിഹാരങ്ങള്‍ ഫലപ്രാപ്തിയിലാവാത്ത അവസരത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന വ്യക്തിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആള്‍ക്കാരുമായി സംവദിച്ച് അടുത്ത ഘട്ടത്തിലെ പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കും.

Loading...

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ ഈ ന്യൂജെന്‍ ചികിത്സ അമേരിക്കയിലും ഓസ്‌ട്രേലിയിയലും ഇതിനോടകം തന്നെ നിലവില്‍ വന്നിട്ടുണ്ട്. കുറച്ചു ദിവസത്തെ വിലയിരുത്തലുകള്‍ക്കു ശേഷം ഇത് ലോകവ്യപകമായി നടപ്പിലാക്കാനും ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നുണ്ട്.

ലോകത്താകമാനം ആശയ വിനിമയത്തിനായും ചിന്തകള്‍ പങ്കു വയ്ക്കാനും ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് ഫെയ്‌സ്ബുക്ക് എന്നതിനാലാണ് ഇത്തരമൊരു സംരഭവുമായി മുന്നിട്ടിറങ്ങുന്നതെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. പുതിയ സംവിധാനത്തിലൂടെ ആത്മഹത്യ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് അധികൃതരുടെ പ്രതീക്ഷ.