ഫെയ്‌സ്ബുക്ക് ചോര്‍ച്ച: സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തുന്നു

കാലിഫോര്‍ണിയ: ഫെയ്‌സ്ബുക്ക് ചോര്‍ച്ചയ്ക്ക് പരിഹാരം കാണുന്നു. വിവര വിശകലന സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുടെ ഡേറ്റ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നയങ്ങളില്‍ കമ്പനി മാറ്റം വരുത്തി. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക ട്രംപിന്റെ തിരഞ്ഞെടുപ്പിന് ഉപയോഗപ്പെടുത്തിയെന്ന വിവാദത്തെത്തുടര്‍ന്നാണിത്. 50 കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നത്.

വിവരവിശകലന സ്ഥാപനങ്ങളാണ് ഓരോ ഉപയോക്താവിന്റെയും ‘ഇന്റര്‍നെറ്റ് സ്വഭാവം’ തിരിച്ചറിഞ്ഞ് പരസ്യദാതാക്കള്‍ക്കു നല്‍കുന്നത്. അതിനനുസരിച്ച് അവര്‍ക്കാവശ്യമായ പരസ്യങ്ങള്‍ ഓരോരുത്തരുടെയും ‘ഫെയ്‌സ്ബുക് വോളി’ലെത്തിക്കുകയാണു പതിവ്. എന്നാല്‍ മാര്‍ച്ച് 28 മുതല്‍ തങ്ങളുടെ സ്വകാര്യതാ നയത്തില്‍ ഫെയ്‌സ്ബുക്ക് മാറ്റം വരുത്തുകയാണെന്നാണു പ്രഖ്യാപനം.

Loading...

ഉപയോക്താക്കള്‍ക്ക് സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ കൂടുതല്‍ ‘അധികാരം’ നല്‍കുന്നതാണ് പുതിയ നയം. ഡേറ്റാചോര്‍ച്ചയുടെ പേരില്‍ ഉപയോക്താക്കളോട് ക്ഷമ പറഞ്ഞു കൊണ്ട് ഫെയ്‌സ്ബുക് സ്ഥാപന്‍ മാര്‍ക് സക്കര്‍ബര്‍ഗ് രംഗത്തു വന്നതിനു പിന്നാലെയാണ് ഇപ്പോഴത്തെ നയംമാറ്റം.

മാര്‍ക്കറ്റിങ് കമ്പനിയായ ആക്ഷം കോര്‍പറേഷന്‍, ഡേറ്റ വിശകലന കമ്പനിയായ എക്പീരിയന്‍ പിഎല്‍സി, ഓറക്കിള്‍ ഡേറ്റ ക്ലൗഡ്, ട്രാന്‍സ് യൂണിയന്‍, ഡബ്ല്യുപിപി പിഎല്‍സി തുടങ്ങിയ ഒന്‍പതു കമ്പനികള്‍ നല്‍കുന്ന വിവരമനുസരിച്ചാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഫെയ്‌സ്ബുക് ഉപയോക്താക്കളിലേക്ക് വിവിധ പരസ്യദാതാക്കള്‍ തങ്ങളുടെ പ്രചാരണതന്ത്രങ്ങളെത്തിച്ചിരുന്നത്.

ഓട്ടമോട്ടിവ്, ലക്ഷ്വറി ഉല്‍പന്നങ്ങള്‍, ഭക്ഷ്യ-പാനീയ-സൗന്ദര്യവര്‍ധന ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളാണ് വന്‍തോതില്‍ ഈ സേവനം ഉപയോഗപ്പെടുത്തിയിരുന്നത്. തങ്ങളുടെ ഉപഭോക്താക്കളെ കൃത്യമായി തിരിച്ചറിയാനാകും എന്നതാണ് ഇത്തരം കമ്പനികളെ ഫെയ്‌സ്ബുക് വഴി പരസ്യം നല്‍കുന്നതിനു പ്രേരിപ്പിച്ചിരുന്നത്. സമൂഹമാധ്യമ മേഖലയില്‍ ഈ മാര്‍ക്കറ്റിങ് രീതി സര്‍വസാധാരണമാണെന്നും പറയുന്നു ഫെയ്‌സ്ബുക്.

എന്നാല്‍ അടുത്ത ആറു മാസത്തിനകം ഈ നയം നിര്‍ത്തലാക്കാനാണ് കമ്പനി തീരുമാനം. ഇതുവഴി ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കു കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്ന് ഫെയ്‌സ്ബുക് പ്രോഡക്ട് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഗ്രഹാം മുഡ് പറഞ്ഞു. പ്രസ്താവനയ്ക്കു പിന്നാലെ ആക്ഷം കോര്‍പറേഷന്റെ ഓഹരികള്‍ക്ക് ഇടിവ് രേഖപ്പെടുത്തി. അതേസമയം തങ്ങളുടെ പരസ്യവരുമാനത്തെ നയംമാറ്റം എങ്ങനെ ബാധിക്കുമെന്ന് ഫെയ്‌സ്ബുക് വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ പരസ്യദാതാക്കള്‍ക്ക് ഈ ഡേറ്റ വിശകലന കമ്പനികള്‍ ഉപയോഗപ്പെടുത്തി അവരുടെ പരസ്യങ്ങളുടെ ‘പെര്‍ഫോമന്‍സ്’ വിലയിരുത്താനുള്ള അധികാരം ഫെയ്‌സ്ബുക് നല്‍കിയിട്ടുണ്ട്. പടിപടിയായി ഇതില്‍ മാറ്റം വരുത്താനാണു തീരുമാനം. സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള ‘സെറ്റിങ്‌സ്’ ഒരൊറ്റ പേജിലേക്കു ചുരുക്കാനും ഫെയ്‌സ്ബുക് തയാറായിട്ടുണ്ട്. നേരത്തേ ഇതൊരു ‘നീളന്‍’ നടപടിക്രമമായിരുന്നു. ഉപയോക്താക്കളുടെ സൗകര്യത്തിനു വേണ്ടിയാണിതെന്നാണു കമ്പനി വിശദീകരണം.