“ജന്മനാൽ പിണറായി വിരുദ്ധൻ എന്നാണ് ഞാൻ അറിയപ്പെടുന്നത്; എന്നാൽ ഈ മനുഷ്യന് താല്‍ക്കാലികമായെങ്കിലും കുറെ സംസ്ഥാനങ്ങളുടെ കൂടെ അധിക ചുമതല കൊടുക്കാന്‍ കഴിയുമോ? “

തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപനം ഏത് വിധേനയും ചെറുക്കാൻ ആണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രമം. ഇപ്പൊൾ കൊറോണ കാലത്ത് കേരള സര്ക്കാർ കാണിക്കുന്ന കരുതലിനെ പുകഴ്ത്തി രംഗത്ത് എത്തി ഇരിക്കുക ആണ് ‍ഡൽഹി മലയാളി ആയ ശശിധരന്‍ മുകമി. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജന്‍മനാല്‍ പിണറായി വിരുദ്ധന്‍’ എന്ന് പലരും എന്നെ ആക്ഷേപിക്കാറുണ്ട്. പിണറായി വിജയന്‍ പലപ്പോഴുമെടുത്തിട്ടുള്ള പല നിലപാടുകളെയും സമീപനങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിച്ചിട്ടുള്ളതുകൊണ്ടാണത്. ലോകമാകെ വിറങ്ങലിച്ചു നില്‍ക്കുന്ന ഈ കൊറോണ താണ്ഡവകാലത്ത് ഏറ്റവുമധികം ആത്മബലത്തോടെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഭൂപടത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ ആ പ്രദേശത്തിന് കേരളത്തിന്റെ രൂപമുണ്ടാകുന്നുവെങ്കില്‍ അതിനു കാരണം പിണറായി വിജയനെന്ന ഒരു ഭരണാധിപന്റെ നേതൃത്വഗുണമാണെന്ന് അദ്ദേഹം പറയുന്നു. ഈ മനുഷ്യന് താല്‍ക്കാലികമായെങ്കിലും കുറെ സംസ്ഥാനങ്ങളുടെ കൂടെ അധിക ചുമതല കൊടുക്കാന്‍ കഴിയുമോയെന്നും ശശിധരൻ ചോദിക്കുന്നു.

Loading...

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

“ജൻമനാൽ പിണറായി വിരുദ്ധൻ” എന്ന് പലരും എന്നെ ആക്ഷേപിക്കാറുണ്ട്. പിണറായി വിജയൻ പലപ്പോഴുമെടുത്തിട്ടുള്ള പല നിലപാടുകളെയും സമീപനങ്ങളെയും കടുത്ത രീതിയിൽ വിമർശിച്ചിട്ടുള്ളതുകൊണ്ടാണത്. അടുത്ത കാലത്ത് അലൻ – താഹ വിഷയത്തിലടക്കം അദ്ദേഹത്തിന്റെ നിലപാടിനെ ഞാൻ വിമർശിച്ചിട്ടുണ്ട്. ശരി എന്ന് തോന്നുന്നതിനെ ശരി എന്നും തെറ്റെന്ന് തോന്നുന്നതിനെ തെറ്റെന്നും വിളിച്ചു പറയാൻ ശീലിച്ചതുകൊണ്ടാണ് അത്തരത്തിൽ ഇടപെടുന്നത്.

പ്രളയകാലത്ത് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിന്റെ നേതൃത്വപരമായ ഇടപെടൽ ലോകത്തിന് തന്നെ മാതൃകയായിരുന്നു. ആ പ്രതിസന്ധി ഘട്ടത്തിൽ, ജനങ്ങളോടും നാടിനോടും അദ്ദേഹം കാട്ടിയ കരുതലും ജാഗ്രതയും എടുത്തു പറഞ്ഞ് പ്രശംസിക്കാനും നമ്മളാരും മടിച്ചിട്ടില്ല.

ലോകമാകെ വിറങ്ങലിച്ചു നിൽക്കുന്ന ഈ കൊറോണ താണ്ഡവകാലത്ത് ഏറ്റവുമധികം ആത്മബലത്തോടെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഭൂപടത്തിൽ അടയാളപ്പെടുത്തുമ്പോൾ ആ പ്രദേശത്തിന് കേരളത്തിന്റെ രൂപമുണ്ടാകുന്നുവെങ്കിൽ അതിനു കാരണം പിണറായി വിജയനെന്ന ഒരു ഭരണാധിപന്റെ നേതൃത്വഗുണമാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഉണ്ടാവില്ല. സത്യമതാണ്.

കേരളം വിട്ട് ജീവിക്കുന്ന എന്റെ ഈ Stay Home ദിനങ്ങളിൽ കേരളാ മുഖ്യമന്ത്രിയുടെ ഓരോ പത്ര സമ്മേളനങ്ങളും അത്രമേൽ ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്. ഇന്ത്യയുടെ തലസ്ഥാന നഗരത്തിൽ ജീവിക്കുന്ന എനിക്ക് വസ്തുനിഷ്ഠ സാഹചര്യത്തെ വിലയിരുത്തുമ്പോൾ തോന്നിപ്പോകുന്നത് ഇത്രമാത്രമാണ്. ഈ മനുഷ്യനെ കുറച്ചു നാളത്തേക്ക് താൽക്കാലികമായെങ്കിലും കുറെ സംസ്ഥാനങ്ങളുടെ കൂടെ അധിക ചുമതല കൊടുക്കാൻ കഴിയുമോ ?

ഇന്നലത്തെ പത്ര സമ്മേളനത്തിൽ, ഈ നാട്ടിൽ ഒരു മനുഷ്യനും പട്ടിണി കിടക്കാൻ ഇടവരരുത് എന്ന അദ്ദേഹത്തിന്റെ ഒരൊറ്റ വാചകം മതി അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ അടയാളപ്പെടുത്താൻ. അത് വെറുതെ പറയുക മാത്രമായിരുന്നില്ല, പ്രാവർത്തികമാക്കാനുള്ള മുഴുവൻ കർമ്മപദ്ധതികളും അദ്ദേഹം വിവരിക്കുകയുമുണ്ടായി.

ആപത്ത് കാലത്ത് ഒരു നാടിനെ മുഴുവൻ തന്നോട് ചേർത്തു പിടിക്കുന്ന ഈ ഭരണാധികാരിയെ ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് നെഞ്ചോടൊന്ന് ചേർത്തു പിടിക്കുക ?

മലയാളിയായി ജനിച്ചതിൽ അഭിമാനിക്കുന്നു. വിചാരങ്ങളുടെ നെറുകയിലെന്നും ചോരച്ചുവപ്പുള്ള കൊടിയടയാളം ചൂടാൻ കഴിഞ്ഞതിൽ അതിലേറെ അഭിമാനിക്കുന്നു.