‌‌‌ബെവ്ക്യു ആപ്ലിക്കേഷന്റെ തകരാറുകളെല്ലാം പരിഹരിച്ചെന്ന് ഫെയർകോഡ് കമ്പനി

കൊച്ചി: മദ്യവിതരണത്തിനുള്ള ബെവ്ക്യു ആപ്ലിക്കേഷന്റെ തകരാറുകളെല്ലാം പരിഹരിച്ചെന്ന് ആപ്പിന് രൂപം നൽകിയ ഫെയർകോഡ് കമ്പനി. മൂന്ന് ഒടിപി സേവന ദാതാക്കളെ കണ്ടെത്തി. ഐഡിയ, ടാറ്റ, വീഡിയോകോൺ എന്നീ കമ്പനികളാണിവ. എസ്എംഎസ് വഴിയുള്ള ബുക്കിങിന് ഇതുവരെ നേരിട്ട പരാതികളെല്ലാം പരിഹരിക്കപ്പെട്ടു. ഇന്ന് സംസ്ഥാനത്തൊട്ടാകെ വലിയ ആശയകുഴപ്പമാണ് നേരിട്ടത്. ബെവ്കോ ഔട്ട് ലെറ്റുകളിലും ബാറുകളിലും ലോഗിൻ ഐഡിയും ഒടിപിയും അടക്കമുള്ളവ കിട്ടാതെ വന്നതോടെ വിൽപ്പന തുടങ്ങാൻ വൈകി. ബാറുകളിൽ പലയിടത്തും ഉച്ചയോടെ സ്റ്റോക്ക് തീർന്നത് ബഹളത്തിനിടയാക്കി.

അതേസമയം നാളേക്കുള്ള ബുക്കിങിന്റെ സമയം ഉടൻ അറിയിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ സേർച് ചെയ്യുമ്പോൾ ആപ്പ് കാണുന്നതിന് ഇനിയും സമയമെടുക്കുമെന്നും pub:Kerala State Beverages Corporation എന്ന് തിരഞ്ഞാൽ ആപ്പ് ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇന്ന് മാത്രം 15 ലക്ഷം പേർ ബെവ്‌ക്യുവിൽ രജിസ്റ്റർ ചെയ്തു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇന്ന് മാത്രം വൈകിട്ട് ആറര വരെ ഒൻപത് ലക്ഷം അപ്ഡേറ്റുകളാണ് നടന്നത്.

Loading...

അതേസമയം ബെവ്ക്യൂ ആപ്പ് ഉപയോഗിച്ച്‌ 2.25 ലക്ഷം പേര്‍ മദ്യം വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബെവ്ക്യു ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തിലൂടെയാണ് വില്‍പ്പന. എവിടെയും ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓണ്‍ലൈന്‍ ടോക്കണ്‍ ഉപയോഗപ്പെടുത്തിയാണ് മദ്യ വില്‍പന നടത്തിയത്. സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് വില്‍പന നടത്തിയത്. സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് വെര്‍ച്വല്‍ ക്യു സംവിധാനം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും അദ്ദേഹം അറിയിച്ചു.