‘ബവ് ക്യൂ’ ആപ്പ് വ്യാജൻ ഇറങ്ങിയ സംഭവം: ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: മദ്യം വാങ്ങാനായി ബെവ്‌കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ നിലപാട് കടുപ്പിച്ച് സർക്കാർ. വ്യാജ ആപ്പിറങ്ങിയ സംഭവത്തിൽ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വ്യാജ ആപ്പ് പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെവ് ക്യൂ- ബെവ്‌കോ ഓണ്‍ലൈന്‍ ബുക്കിംഗ് ഗൈഡ് എന്ന പേരിലാണ് വ്യാജന്‍ പ്ലേ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടത്‌. അന്‍പതിനായിരത്തില്‍ കൂടുതല്‍ ആളുകളാണ് ഈ വ്യാജന്‍ ഡൗണ്‍ലോഡ് ചെയ്തത്. ബെവ്ക്യൂ ഒറിജിനല്‍ ആപ്പ് പ്ലേസ്റ്റോറില്‍ വരുന്നതിന് മുമ്പ് വ്യാജ ആപ്പ് പ്രചരിക്കുകയായിരുന്നു. ‌ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷമാണ് ഡൗണ്‍ലോഡ് ചെയ്ത ആപ്പ് വ്യാജമാണെന്ന് പലരും തിരിച്ചറിഞ്ഞത്.

Loading...

അതേസമയം, ബെവ് ക്യൂ ആപ്പ് വൈകാൻ കാരണം ഗൂഗിൾ റിവ്യൂ തുടരുന്നതിനാലാണെന്ന് ഫെയർകോഡ് അധികൃതർ പറഞ്ഞു. നാളത്തേക്കുള്ള ബുക്കിങ് ഇന്ന് രാത്രി 10 മണി വരെ നടത്താം. 4,64,000 ടോക്കൺ വരെ ഇന്ന് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. പത്ത് ലക്ഷം എസ്എംഎസുകൾ ഇതുവരെ സർവീസ് പ്രൊവൈഡർക്ക് കണക്കുണ്ട്. എന്നാൽ പ്ലേ സ്റ്റോറിൽ വരാതെ എസ്എംഎസ് ആക്ടീവാകില്ല.