കൊച്ചി: കൊച്ചി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവർത്തിപരിചയ രേഖകൾ ഉണ്ടാക്കിയ എസ്.എഫ്.ഐ. നേതാവ് വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു. കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ. വിദ്യക്കെതിരെ മഹാരാജാസ് കോളേജിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം തന്നെ പ്രിൻസിപ്പാൾ പോലീസിൽ മൊഴി നൽകിയിരുന്നു.
രേഖ പൂര്‍ണ്ണമായും വ്യാജമാണെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി. അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍നിന്ന് മഹാരാജാസ് കോളേജിലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പ്രിന്‍സിപ്പല്‍ അന്വേഷണസംഘത്തിന് കൈമാറി. വിദ്യക്കെതിരെ ചുമത്തിയിട്ടുള്ളത് ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. വ്യാജരേഖ നിര്‍മിച്ച് മറ്റൊരാളെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചു എന്നതാണ് വിദ്യക്കെതിരെ ചുമത്തിയ കുറ്റം. കുറ്റകൃത്യം നടന്നത് പാലക്കാട് അഗളി സ്റ്റേഷന്‍ പരിധിയിലാണ്. അതിനാൽ തന്നെ കേസിന്റെ അന്വേഷണം അഗളി പോലീസിനാകും.
വ്യാജരേഖ ചമയ്ക്കല്‍ ഗുരുതരമായ കുറ്റമാണെന്നതിനാല്‍ വിദ്യയെ അറസ്റ്റ് ചെയ്‌തേക്കും. ഇവരെ കസറ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുന്നതിലേക്കടക്കം പോലീസ് കടന്നേക്കും. എസ്.എഫ്.ഐ. നേതാവ് നേതാവായതിനാൽ തന്നെ വിദ്യയ്ക്ക് കോളേജിനുള്ളിൽ മറ്റാരിൽ നിന്നെങ്കിലും കുറ്റം ചെയ്യാൻ സഹായം ലഭിച്ചോ എന്നതുൾപ്പടെ അന്വേഷിക്കും.