ഞാന്‍ മരിച്ചെന്ന് അറിഞ്ഞു, സത്യമാണോ….അപ്പോള്‍ ചേട്ടന്‍ മരിച്ചില്ലേ, ചോദ്യവുമായി നാട്ടുകാര്‍

കുറുപ്പംപടി: തന്റെ ചരമ വാർത്ത കേൾക്കുമ്പോൾ എറണാകുളം വൈഎംസിഎ ഹാളിൽ ധ്യാനയോ​​ഗത്തിൽ പങ്കെടുക്കുകയായിരുന്നു കുര്യാക്കോസ് ! എപ്പോഴായിരുന്നു, എവിടെ വച്ചാണ് അപകടം, തത്ക്ഷണം മരിച്ചോ, എപ്പോഴാണ് സംസ്കാരം- ചോദ്യങ്ങളുടെ കുത്തൊഴുക്ക് പിന്നാലെ. രാവിലെ മുതൽ ധ്യാനയോ​ഗത്തിലായിരുന്നതിനാൽ മൊബൈൽ ഫോൺ സൈലന്റിലായിരുന്നു. ഇതിനിടെ നിരവധി മിസ്ഡ് കോളുകളും. എന്താണ് സംഭവിച്ചതെന്നറിയാതെ കുര്യാക്കോസ് കുറുപ്പംപടി ബസ് സ്റ്റാൻഡിലുള്ള സുഹൃത്തിനെ ഫോണിൽ വിളിച്ചു. ‘എന്റെ മരണ വാര്‍ത്ത കേട്ടു, സത്യമാണോ?…’ മറുതലയ്ക്കൽ നിന്ന് സുഹൃത്തിന്റെ അമ്പരന്നുള്ള ചോദ്യമായിരുന്നു മറുപടി. ‘അപ്പോ ചേട്ടൻ മരിച്ചില്ലേ’.

രാവിലെ മുതൽ വീടിന്റെ പരിസരത്ത് ആളുകൾ തിരക്കിയെത്തുന്നുണ്ടായിരുന്നു. വീട്ടിൽ ആരുമില്ലാത്തതിനാൽ ബോഡി എപ്പോഴെത്തുമെന്നാണ് അന്വേഷിക്കുകയാണ് എല്ലാവരും. ‘ഞാൻ വിളിച്ചപ്പോഴും ചേട്ടൻ ഫോണെടുത്തില്ലല്ലോ’…

Loading...

കാര്യങ്ങൾ വിശമാക്കിയപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് കുറുപ്പംപടിയിലെ വാട്സാപ് ​ഗ്രൂപ്പുകളിൽ കുര്യാക്കോസിന്റെ വ്യാജ മരണ വാർത്ത പ്രചരിക്കുന്നുവെന്ന വിവരം മനസിലായത്. കോതമം​ഗലം- പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഫാദിയ ബസിലെ ഡോർ ചെക്കറാണ് കുറുപ്പംപടി പാറ സ്വദേശി പാലയ്ക്കാപ്പിള്ളിൽ കുര്യാക്കോസ് (60). ഭാര്യയോടൊപ്പം ആഴ്ചയിലൊരിക്കൽ എറണാകുളത്ത് ധ്യാനയോ​ഗത്തിന് പോകുന്ന പതിവുണ്ട്. ഇതിനിടെയാണ് സംഭവവികാസങ്ങൾ.

കുറുപ്പംപടിയിൽ തിരിച്ചെത്തിയ ശേഷം സുഹൃത്തുകളുടെ കൈയിലെ സ്മാർട്ട് ഫോണിൽ നിന്നാണ് തന്റെ ഫോട്ടോയിൽ റോസാപ്പൂവും വച്ച് ആദരാഞ്ജലികൾ എന്നെഴുതി പ്രചരിക്കുന്ന വാട്സാപ് സന്ദേശം കുര്യാക്കോസ് കണ്ടത്. ബസ് ജീവനക്കാരനായതിനാൽ കുറുപ്പംപടി, പെരുമ്പാവൂർ, കോതമം​ഗലം ബസ് സ്റ്റാൻഡുകളിലും കുര്യാക്കോസിന്റെ മരണ വാർത്ത ചൂടോടെ പ്രചരിച്ചു.  ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും പിന്നീട് സ്ഥിതി​ഗതികൾ മനസിലാക്കി കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് കുര്യാക്കോസ്. പരാതിയെക്കുറിച്ച് അന്വേഷിണം നടത്തുകയാണെന്ന് സിഐ കെആർ മനോജ് അറിയിച്ചു