വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിറയെ സ്ത്രീകളുടെ വ്യാജനഗ്നദൃശ്യങ്ങള്‍, ഗ്രൂപ്പ് അംഗങ്ങളില്‍ ഒരാളുടെ അമ്മയുടെ ചിത്രം പങ്കുവെച്ചതിന്റെ പേരില്‍ നടന്ന ഏറ്റുമുട്ടലോടെ സംഭവം പുറത്തായി, സംഭവം തുറവൂരില്‍

തുറവൂര്‍: സ്ത്രീകളുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ വാട്ട്സ്ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കുത്തിയതോട് പോലീസ് തെളിവെടുപ്പ് തുടങ്ങി. ഫോണുകള്‍ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനകള്‍ക്കായി സൈബര്‍ സെല്ലിന് കൈമാറി. പോക്സോ അടക്കമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്താനും നീക്കം തുടങ്ങി. പരാതിക്കാരായ തുറവൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കളരിക്കല്‍ ഭാഗത്തെ മുപ്പതോളം സ്ത്രീകളില്‍ നിന്നാണ് മൊഴിയെടുക്കുന്നത്. ഇന്നലെ പകുതിയോളം പേരുടെ മൊഴി ശേഖരിച്ചു. മൊഴിയെടുപ്പ് ഇന്നും തുടരും. ചിത്രങ്ങള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെങ്കിലും വീണ്ടെടുക്കാവുന്ന തരത്തിലാണ് പോലീസ് പരിശോധന നടത്തുന്നത്. പ്രദേശവാസികളായ അഞ്ച് യുവാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പുവഴിയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. പ്രതികളില്‍ ഒരാളുടെ അമ്മയുടെ ഫോട്ടോ ഗ്രൂപ്പില്‍ പങ്കുവച്ചതിന്റെ പേരില്‍ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്നാണ് പ്രദേശത്തെ സ്ത്രീകള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. മേഖലയിലെ നിരവധി സ്ത്രീകളുടേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും ഫോട്ടോ ഇത്തരത്തില്‍ പങ്കുവച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവത്തില്‍ മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷമേ പ്രതികളെ അറസ്റ്റ് ചെയ്യുകയുള്ളുയെന്ന് പോലീസ് പറഞ്ഞു.