ജാനകിയമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന തിരക്കിൽ സോഷ്യൽ മീഡിയ: എസ് ജാനകി മരിച്ചെന്ന വാർത്ത പ്രചരിക്കുന്നത് മൂന്നാം തവണ

കൊച്ചി: സോഷ്യൽമീഡിയയിൽ വാർത്തകൾ കുമിഞ്ഞുകൂടുന്നതിനാൽ വ്യാജവാർത്തയുടെ ഒഴുക്ക് ഏറെയാണ്. ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നതും ആദരാഞ്ജലി അർപ്പിക്കുന്നതും സ്ഥിരം പരിപാടിയാണ്. ഇന്ന് കൊന്നതും ആദരാഞ്ജലി അർപ്പിച്ചതും ജാനകിയമ്മയ്ക്ക് ആയിരുന്നു.
വളരെ വേ​ഗത്തിലാണ് ജാനകി അമ്മ വിടവാങ്ങി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഞായറാഴ്ച ഉച്ചമുതലാണ് സമൂഹമാധ്യമങ്ങൾ വഴി ഈ വാർ‌ത്ത പ്രചരിച്ചത്.

ജാനകിയുടെ ചിത്രത്തോടൊപ്പം ‘എസ് ജാനകിയമ്മ വിടവാങ്ങി, ഗാനകോകിലം എസ്. ജാനകിയമ്മക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ, പ്രണാമം’ എ​ന്നെഴുതിയായിരുന്നു പ്രചാരണം. ജാനകി അമ്മയെ കൊല്ലുന്നത് ഇത് മൂന്നാം തവണയാണ്. 2010 മെയ് മാസത്തില്‍ എസ് ജാനകി മരിച്ചു എന്നൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. ആന്ധ്രജ്യോതി എന്ന പത്രത്തിലാണ് അന്ന് ആവാർത്ത അച്ചടിച്ച് വന്നത്. ചിരിച്ചുകൊണ്ടാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട ജാനകിയമ്മ ഈ വാര്‍ത്തയോട് പ്രതികരിച്ചത്. പിന്നെ 2017ൽഎസ് ജാനകി സംഗീത ജീവിതം അവസാനിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ എസ് ജാനകി ജീവിതം അവസാനിപ്പിച്ചു എന്ന് പ്രചരിപ്പിച്ചു.

Loading...

സിനിമാ താരങ്ങളായ സലീം കുമാർ, മാമുക്കോയ, വി.കെ ശ്രീരാമൻ, സീരിയൽ താരം അനു ജോസഫ് എ​ന്നിവർ ഇത്തരം പ്രചാരണത്തിനു ഇരയായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും എസ് ജാനകി മരിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വീണ്ടും പ്രചരിക്കുകയാണ്. മിഥുന്‍ ഈശ്വര്‍ ഈണമിട്ട പത്തു കല്‍പനകള്‍ എന്ന സിനിമയിലാണ് എസ് ജാനകി അവസാനമായി പാടിയത്. ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ എസ് ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തു. വാര്‍ത്തയെ കുറിച്ച് ജാനകിയമ്മ പ്രതികരിച്ചിട്ടില്ല.