5ലക്ഷം ദിർ ഹം ലോട്ടറി അടിച്ചത് കിട്ടാൻ ബാങ്ക് വിവരങ്ങൾ കൊടുത്തു! , ഷാർജ മലയാളി യുവതിക്ക് 19400 ദിർഹം പോയി

ഷാർജ : 5ലക്ഷം ദിർ ഹം ലോട്ടറി അടിച്ചത് കിട്ടാൻ ബാങ്ക് വിവരങ്ങൾ കൊടുത്ത മലയാളി യുവതിക്ക് നഷ്ടമായത് 19,400 ദിർഹം. ദുബായ് അൽ ബർഷയിൽ ജോലിചെയ്യുന്ന അങ്കമാലി സ്വദേശിയായ യുവതിക്കാണ് തുക നഷ്ടമായത്.

യുവതിയുടെ അക്കൗണ്ട് വിവരങ്ങള്‍ സഹിതം വിളിച്ചയാള്‍ പറഞ്ഞിരുന്നു. രഹസ്യ കോഡ് അടക്കം വിളിച്ചയാള്‍ പറഞ്ഞപ്പോള്‍ തനിക്ക് സമ്മാനം അടിച്ചെന്നു തന്നെയാണ് യുവതി വിശ്വസിച്ചത്. തുടര്‍ന്ന് ഫോണില്‍ എത്തിയ പ്രത്യേക കോഡ് തട്ടിപ്പുകാരന് പറഞ്ഞ് കൊടുത്താണ് അക്കൗണ്ടില്‍ ഉണ്ടായിരുന്ന മുഴുവന്‍ പണവും നഷ്ടമായത്. മാസശമ്പളം അടക്കം അക്കൊണ്ടില്‍ ഉണ്ടായിരുന്ന മുഴുവന്‍ തുകയും നഷ്ടമായി. കോഡ് ലഭിച്ചയുടൻ അഞ്ചുലക്ഷം ദിർഹത്തിന്റെ ചെക്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് പറഞ്ഞാണ്‌ വിളിച്ചയാൾ ഫോൺ കട്ട് ചെയ്തതെന്ന് യുവതി അറിയിച്ചു.

വന്‍തുക അക്കൗണ്ടില്‍ സമ്മാനമായി എത്തുമെന്ന് കരുതിയാണ് ഫോണില്‍ വന്ന രഹസ്യകോഡ് പറഞ്ഞ് കൊടുത്ത് പണി യുവതി ഇരന്നു വാങ്ങിയത്. ഇത്തരം തട്ടിപ്പ് ഫോണ്‍കോളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമാണെന്നിരിക്കെയാണ് മലയാളി യുവതി തട്ടിപ്പിനിരയായത്‌.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ബാങ്കിന്റെ പേരിലാണ് യുവതിയെ അജ്ഞാതന്‍ ഭാഗ്യം വിളിച്ചറിയിച്ചത്. ‘അഞ്ചുലക്ഷം ദിർഹം താങ്കളുടെ മൊബൈൽ നമ്പറിന് അടിച്ചിട്ടുണ്ട്’ എന്ന്‌ അറിയിച്ചു.
ബാങ്കിന്റെ പ്രത്യേക പ്രമോഷനിൽ യുവതിയുടെ മൊബൈൽ നമ്പർ ഉൾപ്പെടുത്തിയതാണ് ഭാഗ്യം ലഭിക്കാൻ കാരണമെന്നും ഇംഗ്ലീഷിൽ വിളിച്ചറിയിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. തുടർന്ന് ഏതു ബാങ്കിലാണ് അക്കൗണ്ട് ഉള്ളതെന്ന് യുവതിയോട് ചോദിച്ച് മനസ്സിലാക്കിയ ആൾ ഉടൻ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ അടക്കമുള്ള മുഴുവൻ വിവരങ്ങളും പറയുകയായിരുന്നു.

എന്നാൽ ബാങ്കിൽനിന്നും അങ്ങനെയൊരു വിളി പോയിട്ടില്ലെന്ന് ബാങ്ക് അധികൃതർ യുവതിയെ അറിയിച്ചു. ഉടൻ യുവതി തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ അജ്ഞാത മൊബൈൽ നമ്പറിലേക്ക് അക്കൗണ്ടിൽ നിന്നും 10 തവണയായി 1000 ദിർഹവും ഒരു തവണ 400 ദിർഹവും മാറ്റിയിട്ടുണ്ട്. കൂടാതെ അജ്‌മാനിലുള്ള ബാങ്ക് എ.ടി.എമ്മിൽനിന്നും 9,000 ദിർഹം പിൻവലിക്കുകയും ചെയ്തു.

യുവതിയുടെ അക്കൗണ്ടുള്ള ബാങ്കിൽനിന്നും ദിവസം പരമാവധി 9,000 ദിർഹം മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂെവന്നതിനാലാണ് ബാക്കി തുക മൊബൈലിലേക്ക് മാറ്റിയത്. പിന്നീട് വിളിച്ച മൊബൈൽ നമ്പർ പ്രവർത്തിക്കുന്നുമില്ല. തുടർന്ന് ദുബായ് പോലീസിന് പരാതി നൽകിയതോടൊപ്പം ബാങ്കിനും യുവതി പരാതി നൽകിയിട്ടുണ്ട്.