സി.ഐയുടെ റോഡിലെ മരണ പാച്ചിൽ, ചോദ്യം ചെയ്തപ്പോൾ ഇടിയുടെ പൂരം

കേരളത്തില്‍ വീണ്ടും പോലിസ് അതിക്രമം റിപോര്‍ട്ട് ചെയ്യുന്നു. 2 സംഭവങ്ങളും നടന്നത് കട്ടപ്പന സബ് ഡിവിഷന്‍ പരിധിയില്‍ എന്നതും ശ്രദ്ധേയം തന്നെ. കട്ടപ്പന സി.ഐ വി.എസ്.അനില്‍കുമാര്‍ റോഡിലൂടെ അമിത വേഗത്തിലും അപകടകരമാം വിധവും വാഹനം ഓടിച്ച് മറ്റൊരു വാഹനത്തിനെ അപകടപെടുത്താന്‍ ശ്രമിച്ചു. കൈക്കുഞ്ഞിന്റെ ശ്വാസ തടസ്സത്തിനു ആശുപത്രിയിലേക്ക് പോയ 5 അംഗ കുടുംബത്തിന്റെ വാഹനത്തേയാണ് സി.ഐ അപകടകരമായി ഓവര്‍ ടേക്ക് ചെയ്ത് രസിച്ചത്. സന്യാസിയോട കിഴക്കേമഠത്തില്‍ കൃഷ്ണന്‍കുട്ടി, ഭാര്യ വല്‍സമ്മ, മക്കളായ കൃപ മോന്‍, കൃപ മോള്‍ മകളുടെ ഭര്‍ത്താവ് എന്നിവര്‍ ആയിരുന്നു കൈകുഞ്ഞുമായി വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതിനിടെ സി.ഐ ആണെന്ന് അറിയാതെ കൃഷ്ണന്‍കുട്ടിയുടെ വാഹനത്തിലുള്ളവര്‍ അപകടകരമായ ഡ്രൈവിങ്ങ് ചോദ്യം ചെയ്യ്തു.

റോഡിലെ മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയായതിനാലായിരുന്നു ഇത്. ഇതോടെ സി.ഐ.അനില്‍ കുമാര്‍ ഇവരുടെ വാഹനത്തിനു പലവട്ടം റോഡില്‍ വട്ടം വയ്ക്കാന്‍ ശ്രമിച്ചു. മുന്നില്‍ കയറി വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്ത് ഇടിപ്പിക്കാന്‍ ശ്രമിക്കുക, റോഡ് ബ്ലോക്ക് ആക്കാന്‍ ശ്രമിക്കുക എല്ലാം ചെയ്തു. മാട്ടുക്കട്ട മുതല്‍ കട്ടപ്പന വരെ അനില്‍കുമാര്‍ സഞ്ചരിച്ചിരുന്ന വാഹനം പരാതിക്കാരുടെ വാഹനത്തിനു മുന്നിലിട്ടു വിലങ്ങാന്‍ ശ്രമിച്ചു. ഈ സമയത്ത് കൃഷ്ണന്‍ കുട്ടിയുടേയും മറ്റും വാഹനത്തില്‍ കൈ കുഞ്ഞ് അവശ നിലയില്‍ ആയിരുന്നു. ഒടുവില്‍ രക്ഷയില്ലാതെ ഈ കുടുംബം വാഹനവുമായി നേരേ കട്ടപ്പന സ്റ്റേഷനിലേക്ക് എത്തി. പിന്നാലെ ഇതാ വരുന്ന അവരെ അവരെ റോഡില്‍ വേട്ടയാടിയ അനില്‍ കുമാറും. അപ്പോഴാണ് പരാതിക്കാര്‍ അറിയുന്നത് സ്ഥലം സി.ഐ ആണ് തങ്ങളേ റോഡില്‍ ബുദ്ധിമുട്ടിച്ച അനില്‍ കുമാര്‍ എന്ന്.മഫ്ടി വേഷത്തില്‍ ആയിരുന്ന സി.ഐ അനില്കുമാര്‍ വാഹനത്തില്‍ നിന്നും ചാടി പരാതിക്കാരുടെ വാഹനത്തില്‍ ഉള്ളവരെ പിടിച്ച് വലിച്ച് പുറത്തിട്ട് മര്‍ദ്ദിച്ചു. കൃഷ്ണന്‍കുട്ടിയെയും, കൃപമോനെയും വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചു. വല്‍സല, കൃപ മോള്‍ എന്നിവരോട് മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു. ശാരീരിക അസ്വസ്ഥത മൂര്‍ച്ഛിച്ചതോടെ കൃഷ്ണന്‍ കുട്ടിയെ ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഏറ്റവും വലിയ ക്രൂരത നടന്നത് പരാതിയുമായി ചെന്ന കൈക്കുഞ്ഞ് അടക്കം ഉള്ളവരെ മണിക്കൂറുകള്‍ പോലീസ് സ്റ്റേഷനില്‍ ബന്ധികളാക്കി കൊടും കുറ്റവാളികളേ പോലെ നിര്‍ത്തുകയും പെരുമാറുകയും ചെയ്തു. ഇതിനിടെ പോലീസിനോട് കളിക്കരുത് എന്നും കളിച്ചാല്‍ ഇങ്ങിനെ ഇരിക്കും എന്നുള്ള കമന്റുകളും അശ്‌ളീല വാക്കുകള്‍ വേറെയും.

Loading...

കഴിഞ്ഞ ദിവസം ഇതേ സി.ഐക്കെതിരെ വേറെയും പരാതി ഉണ്ടായിരുന്നു. കൂട്ടാര്‍ അല്ലിയാറില്‍ പാറമടയില്‍ നിന്നുള്ള ലോറികള്‍ തറ്റഞ്ഞ നാട്ടുകാരെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ബലപ്രയോഗത്തിനിടെ വയോധിക അടക്കം 3 പേര്‍ക്ക് പരുക്കേറ്റു. വയോധികയെ ചവിട്ടി വീഴ്ത്തിയെന്നും പരാതി ഉയര്‍ന്നു.. അല്ലിയാര്‍ നാരകപറമ്പില്‍ കമലമ്മ (85), മകന്‍ എന്‍.സി. റെജി (47), ടി.ടി.അജീഷ് (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്.മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ടി.ടി.അജീഷിന്റെ കരണത്ത് എസ്എച്ച്ഒ തല്ലി. ഈ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച താവുപറമ്പില്‍ സന്തോഷിന്റെ ഫോണ്‍ നിലത്തിട്ട് ചവിട്ടി നശിപ്പിക്കുകയായിരുന്നു. എല്ലാ സംഭവത്തിലും സി.ഐയോട് വിശദീകരണം തേടിയതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ.മധു വ്യക്തമാക്കി. പോലീസുകാരുടെ മനുഷ്യത്വ രഹിതമായ പെരുമാറ്റം സാംസ്‌കാരിക കേരളത്തിലും പരിഷ്‌കൃത സമൂഹത്തിലും വച്ചുപൊറുപ്പിക്കാനാവില്ല. പോലീസ് സേനക്ക് ആകെ അപമാനമാവുകയാണ് ഏതാനും ചില പോലീസിലെ ക്രിമിനലുകളും, അഴിമതിക്കാരും, കൈക്കൂലി കാരും.