ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ആശയ വിനിമയം കുറയുന്നു.

ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ആശയ വിനിമയം കുറയുന്നത്‌ കുടുംബ പ്രശ്‌നങ്ങള്‍ക്ക്‌ വഴി തെളിക്കുന്നുണ്ട്‌.

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ പരസ്‌പരം സംസാരം ഉണ്ടാകുമെങ്കില്‍ പതിയെ ആ ശീലം കുറയുന്നു. ഇരുവരും അവരുടേതായ ലോകത്തേക്ക്‌ ഒതുങ്ങുന്നതാണ്‌ ഇതിനു കാരണം. ജോലിത്തിരക്കാണ്‌ പലരും ഇതിനായി ചൂണ്ടിക്കാണിക്കുന്ന കാരണം.
ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ആശയ വിനിമയം കുറയുന്നത്‌ കുടുംബ പ്രശ്‌നങ്ങള്‍ക്ക്‌ വഴി തെളിക്കുന്നുണ്ട്‌.

Loading...

എന്നാല്‍ ജോലിത്തിരക്കുണ്ടെങ്കിലും എല്ലാ ദിവസവും അല്‍പ സമയം കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടിയാല്‍ പ്രശ്‌നത്തിന്‌ പരിഹാരമായി.
മനസ്‌ തുറന്നു സംസാരിക്കാം. അനുദിന ജീവിതത്തില്‍ സംഭവിക്കുന്ന സന്തോഷമോ, നിരാശയോ, ദുഃഖമോ എന്തുമാകട്ടെ പരസ്‌പരം തുറന്നു സംസാരിക്കാം. ഇങ്ങനെ പങ്കാളി തുറന്നുപറച്ചിലിനു തയ്യാറാകുമ്പോള്‍ ക്ഷമയോടെ അത്‌ കേള്‍ക്കാന്‍ തയ്യാറാകണം.

വാക്കുകളിലെ സന്തോഷവും ദുഃഖവും വായിച്ചെടുക്കാന്‍ സാധിക്കണം. പങ്കാളിയെ കേള്‍ക്കാന്‍ തയ്യാറാവുക. ഇത്‌ ബന്ധത്തിന്റെ ആഴവും പരപ്പും വര്‍ധിപ്പിക്കും. മനസ്സ്‌ തുറക്കുന്ന പങ്കാളിക്കു മുന്നില്‍ ചെവിയടച്ചിരിക്കരുത്‌. ഇത്‌ പിന്നീട്‌ നിങ്ങള്‍ക്കു മുന്നില്‍ ഒന്നും പറയാത്ത അവസ്‌ഥയില്‍ എത്തിക്കും.

ദമ്പതികള്‍ പരസ്‌പരം എല്ലാ കാര്യങ്ങളും തുറന്നു പറയണം. എല്ലാ ദിവസവും അല്‌പസമയം സംസാരത്തിനായി മാറ്റി വയ്‌ക്കാം.
തീരുമാനങ്ങള്‍ ഒരുമിച്ചെടുക്കാം. ചെറുതും വലുതുമായ അനേകം തീരുമാനങ്ങള്‍ ഒരു ദിവസം എടുക്കേണ്ടതായി വരുന്നു. പ്രത്യക്ഷത്തില്‍ നിസാരമെന്നു തോന്നാമെങ്കിലും ദാമ്പത്യ ജീവിതത്തില്‍ ഇവ അത്ര ലളിതമല്ല. വിവാഹത്തിന്‌ മുന്‍പ്‌ സ്വന്തം കാര്യങ്ങള്‍ സ്വയം തീരുമാനിച്ചിരുന്നവരാണ്‌ പലരും. അതുകൊണ്ട്‌ തന്നെ വിവാഹശേഷം തീരുമാനങ്ങളെടുക്കുമ്പോള്‍ പങ്കാളിയെ കൂടെ ഉള്‍പ്പെടുത്താന്‍ മറന്നു പോകുന്നു. പ്രശ്‌നങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ ഈ കാരണം ധാരാളം.

തീരുമാനങ്ങളെടുക്കുന്നതില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കുണ്ടാകുന്ന അഭിപ്രായ വിത്യാസം സംഘര്‍ഷങ്ങള്‍ക്കു വഴിതെളിക്കും. ദമ്പതികള്‍ ഒരുമിച്ച്‌ ചര്‍ച്ച ചെയ്‌ത് തീരുമാനങ്ങള്‍ എടുക്കാം. അവനവന്റെ താല്‍പര്യങ്ങള്‍ പ്രകടിപ്പിച്ച്‌ മറ്റെയാളുടെ ഇഷ്‌ടങ്ങള്‍ മനസിലാക്കി രണ്ടു പേരും ചേര്‍ന്ന്‌ ഒന്നിച്ച്‌ തീരുമാനങ്ങളെടുക്കുക.

രണ്ടു പേരുടെയും ബുദ്ധിയും അറിവും തീരുമാനങ്ങള്‍ മെച്ചമാകാന്‍ സഹായിക്കും. യോജിച്ചുള്ള തീരുമാനമാകുമ്പോള്‍ ഇരുക്കൂട്ടര്‍ക്കും ഉത്തരവാദിത്വം ഉണ്ടാകും. ഇതുകൊണ്ട്‌ തന്നെ തീരുമാനം പരാജയപ്പെട്ടാലും പഴിചാരലും വിമര്‍ശനവും ഉണ്ടാകുന്നില്ല. സ്‌പര്‍ശന ഭാഷയും പ്രണയ ഭാഷയും പങ്കാളിക്കു നല്‍കുന്ന സ്‌നേഹ നിര്‍ഭരമായ സ്‌പര്‍ശം മാസ്‌മര ശക്‌തിയായി പ്രവര്‍ത്തിക്കുന്നു. ഇത്‌ സ്‌നേഹത്തിന്റെ ആഴവും തീവ്രതയും കൂട്ടുന്നു. സ്‌പര്‍ശം സ്വന്തം സുഖത്തിനു വേണ്ടി മാത്രമാകരുത്‌. പങ്കാളിയെ കൂടെ പരിഗണിച്ചാകണം. ഇങ്ങനെയുള്ള ബാഹ്യ പ്രകടനങ്ങള്‍ സ്‌നേഹത്തിന്റെ മാറ്റ്‌ കൂട്ടുന്നു. ഈ സ്‌നേഹ പ്രകടനങ്ങള്‍ കുറയുമ്പോള്‍ സ്‌നേഹവും കുറയുന്നതായി പങ്കാളി തെറ്റിധരിക്കാനിടയുണ്ട്‌. പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനെ വിലയുള്ളൂ എന്ന്‌ തിരിച്ചറിയണം.

പരസ്‌പരം കെട്ടിപിടിച്ചു കിടന്നു ടി വി കാണുക. പങ്കാളിയുടെ ചുമലില്‍ കൈപിടിച്ചു കൊണ്ടു ഒരുമുറിയില്‍ നിന്ന്‌ മറ്റൊരു മുറിയിലേയ്‌ക്ക് നയിക്കുക. ഒന്നിച്ചിരിക്കുമ്പോള്‍ കൈയ്യില്‍ തലോടുക.
ഹാളിലൂടെ കടന്നു പോകുമ്പോള്‍ കഴുത്തിനു പിന്നില്‍ ചുംബിക്കുക. തുടങ്ങിയവയെല്ലാം ലൈംഗീക സ്‌പര്‍ശമില്ലാതെ പ്രണയം പ്രകടിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ്‌.

പങ്കാളിയുടെ ഇഷ്‌ട ഭാഷ അറിയുക.

പങ്കാളി സ്‌നേഹം പ്രകടിപ്പിക്കുന്ന ഭാഷ സൂക്ഷ്‌മമായി നിരീക്ഷിക്കുക. അതായിരിക്കും അവരുടെ ഇഷ്‌ടഭാഷ. അതേ ഭാഷയില്‍ തിരിച്ചും പെരുമാറി നോക്കിക്കേ. ദാമ്പത്യത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും.
പ്രശംസ ആഗ്രഹിക്കുന്നവര്‍, സമ്മാനങ്ങള്‍ ആഗ്രഹിക്കുന്നവര്‍, തലോടല്‍ കൊതിക്കുന്നവര്‍, സാമിപ്യമാഗ്രഹിക്കുന്നവര്‍ ഇങ്ങനെ ഓരോ വ്യക്‌തിയും ഇഷ്‌ടപ്പെടുന്നത്‌ വ്യത്യസ്‌ഥങ്ങളായ സ്‌നേഹ പ്രകടന ഭാഷകളാണ്‌.

ഒരുമിച്ച്‌ കഴിയുന്ന സമയം ഫലപ്രദമായി വിനിയോഗിക്കുക, കരുതലോടെ പെരുമാറുക, സ്‌നേഹ പൂര്‍ണ്ണമായ ശാരീരിക സാമിപ്യം, പ്രശംസ, ഉപഹാരങ്ങള്‍ നല്‍കുക. എന്നിങ്ങനെ അഞ്ച്‌ മാര്‍ഗങ്ങളില്‍ അഥിഷ്‌ഠിതമാണ്‌ ഇഷ്‌ട ഭാഷ. പങ്കാളിയുടെ ഇഷ്‌ട ഭാഷ തിരിച്ചറിഞ്ഞ്‌ സ്‌നേഹിച്ചു തുടങ്ങാം.
.
ഇനി ചിന്തിക്കൂ നിങ്ങളുടെ പങ്കാളിയുമായുള്ള ആശയ വിനിമയം എങ്ങനെയാണ്‌..? കൂറവാണെന്ന തോന്നലുണ്ടോ..? എങ്കില്‍ ഒട്ടും വൈകേണ്ട. ഇഷ്‌ട ഭാഷ തിരിച്ചറിഞ്ഞ്‌ സ്‌നേഹിച്ചു നോക്കു…
.