മുറിയുടെ ജനലും കതകും അടച്ചിട്ടും പാമ്പ് അകത്ത് കയറി; ഉത്രയുടെ മരണത്തില്‍ ദുരൂഹതയെന്ന് വീട്ടുകാര്‍

കൊല്ലം: കിടപ്പുമുറയില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചല്‍ സ്വദേശിനി ഉത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം.ദുരൂഹമരണമാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. യുവതിയുടെ ഭര്‍ത്താവിന് പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടെന്നാണ് ഉത്രയുടെ അച്ഛന്‍ ആരോപിക്കുന്നത്. ശീതീകരിച്ച മുറിയില്‍വെച്ചാണ് ഉത്ര പാമ്പ് കടിയേറ്റ് മരിക്കുന്നത്. മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്നാണ് വീട്ടുകാരുടെ സംശയം.

പാമ്പ കടിയേറ്റ ദിവസം ഉത്രയുടെ ഭര്‍ത്താവ് സൂരജും മുറിയില്‍ ഉണ്ടായിരുന്നു. പക്ഷെ പാമ്പ് കടിച്ചതും ഉത്ര മരിച്ചതുമൊന്നും ഇയാള്‍ അറിഞ്ഞില്ലെന്നാണ് മൊഴി നല്‍കിയിരുന്നത്. 25 വയസ്സുകാരിയായ ഉത്ര ഈ മാസം ഏഴിനാണ് കിടപ്പുമുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ചത്. അബോധാവസ്ഥയില്‍ കണ്ടത്തെിയ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിന്നീട് ഉത്ര കിടന്നിരുന്ന മുറിയില്‍ വെച്ച് പാമ്പിലെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.

Loading...

മാര്‍ച്ച് 2 ന് അടൂര്‍ പറക്കോടെ ഭര്‍തൃവീട്ടില്‍ വെച്ചും ഉത്രയ്ക്ക് പാമ്പ് കടിയേറ്റിരുന്നു. പിന്നീട് ചികിത്സയ്ക്കും വിശ്രമത്തിനും വേണ്ടിയാണ് മാതാപിതാക്കള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ എത്തിയത്. മകള്‍ക്ക് വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. ഏതായാലും ആരോപണം ഉയര്‍ന്നപ്പോള്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചല് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.