പിന്നോട്ടില്ലാതെ കര്‍ഷകര്‍; കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധം

ദില്ലി: കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ചു കിസാന്‍ സങ്കല്‍പ് ദിവാസില്‍ കര്‍ഷകരുടെ പ്രതിഷേധം. സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയോട് സഹകരിക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. അതേ സമയം കര്‍ഷക സമരത്തിന് ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന കേന്ദ്ര ആരോപണവും സംയുക്ത സമര സമിതി തള്ളിക്കളഞ്ഞു.കിസാന്‍ സങ്കല്പ ദിവസിന്റെ ഭാഗമായാണ് ഇന്ന് കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ചു കര്‍ഷകര്‍ പ്രതിഷേധിച്ചത്. സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമതിയുമായി സഹകരിക്കേണ്ടെന്നാണ് സമരസമതിയുടെ തീരുമാനം. സമരത്തിന് ഖാലിസ്ഥന്‍ ബന്ധം ആരോപിക്കുന്നത് ആസൂത്രിതമെന്നാണ് സമിതി വിലയിരുത്തല്‍.

ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു. ഹരിയാന മണ്ണിലാണ് സമരം നടക്കുന്നത്. രഹസ്യവിവരം ഉണ്ടെങ്കില്‍ ഹരിയാന പോലീസ് എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും സമിതി നേതാക്കള്‍ ചോദിച്ചു.ജനുവരി 26ലെ ട്രാക്ടര്‍ പരേഡ് സമാധാനപരമായി നടത്താനും നേതാക്കള്‍ തീരുമാനിച്ചു. അതേ സമയം മറ്റന്നാള്‍ സംഘടനകളും സര്‍ക്കാരും തമ്മില്‍ ഒമ്പതാം വട്ട ചര്‍ച്ചകള്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ സമാന്തര ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തി ഉണ്ടോ എന്ന കാര്യമാണ് കേന്ദ്രം പരിശോധിക്കുന്നത്. സംസ്ഥാനത്ത് കര്‍ഷക രോഷം ശക്തമായതിനാല്‍ കേന്ദ്രവുമായി തിരക്കിട്ട കൂടിക്കാഴ്ചയിലാണ് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. അതിനിടയില്‍ കേരളത്തില്‍ നിന്നും സമരത്തിന്റെ ഭാഗമാകാന്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ യാത്ര തിരിച്ച സമര വളണ്ടിയര്‍മാര്‍ നാളെ ഹാരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ എത്തിച്ചേരും

Loading...