ഫാസ് ടാഗ് സംവിധാനം നാളെ മുതല്‍ നടപ്പാക്കും

ദില്ലി: രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഫാസ് ടാഗ് സംവിധാനം നാളെ മുതല്‍ നടപ്പാക്കി തുടങ്ങും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി.അതെസമയം തദ്ദേശവാസികള്‍ക്ക് സൗജന്യപാസ് നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

സര്‍ക്കാറിന്‍റെയും പൊതുജനങ്ങളുടെയും ആവശ്യം പ്രകാരം പല വട്ടം മാറ്റിവെച്ച ശേഷമാണ് ഫാസ് ടാഗ് സംവിധാനം നാളെ മുതല്‍ നടപ്പിലാക്കി തുടങ്ങുന്നത്.പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു ഗേറ്റ് മാത്രമായിരിക്കും ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് തുറന്നു കൊടുക്കുക. മറ്റ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. ഇരുവശത്തേകകുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കേണ്ടിവരും.ഇതില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി കഴിഞ്ഞു.

Loading...

അതേസമയം പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുളള 43000ത്തില്‍ 12000 വാഹനങ്ങള്‍ക്ക് മാത്രമെ സൗജന്യ ഫാസ്ടാഗ് അനുവദിച്ചിട്ടുളളൂ. തദ്ദേശവാസികളുടെ സൗജന്യപാസ് നിര്‍ത്തലാക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ടോള്‍ അധികൃതര്‍ പറയുന്നത്.

ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ് എന്ന് ചുരുക്കി പറയാം. ദേശീയപാത അതോറിറ്റിയാണ് ഈ സംവിധാനുള്ള മേല്‍നോട്ടം നിര്‍വഹിക്കുക. ഫാസ്ടാഗ് ഉപയോഗിച്ച് ടോള്‍ പ്ലാസകളില്‍ ടോള്‍ തുക ഓട്ടോമാറ്റിക്കായി നല്‍കാം. അതിനാല്‍ തന്നെ ടോള്‍ പ്ലാസയില്‍ പണം അടയ്ക്കാനായി ക്യൂ നില്‍ക്കുന്ന സമയം ലാഭിക്കാം. ഫാസ്ടാഗ് ഉപയോഗിക്കുക വഴി സമയലാഭമാണ് ഏറ്റവും വലിയ നേട്ടം.

വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഒരു RFID (റേഡിയോ -ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) സ്റ്റിക്കറാണ് ഫാസ്ടാഗ്. ഇത് വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനിലാണ് ഒട്ടിക്കേണ്ടത്. ഇത് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നു പോകുമ്പോള്‍ തന്നെ ടോള്‍ ശേഖരിക്കപ്പെടുന്നു. അതായത് വാഹനം നിര്‍ത്തി, ടോള്‍ പൈസയായി കൊടുക്കേണ്ട ആവശ്യമില്ല.

ടോള്‍ പ്ലാസയിലെ സംവിധാനം ഇലക്ട്രോമാഗ്‌നെറ്റിക് ഫ്രീക്വന്‍സി ഉപയോഗിച്ച് വണ്ടിയുടെ വിവരവും, ഫാസ്ടാഗ് റീചാര്‍ജ്/ പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് പൈസയും എടുക്കുന്നു. സ്റ്റിക്കര്‍ വണ്ടിയുടെ മുന്‍ വശത്താണ് പതിപ്പിക്കേണ്ടത്. പുതിയ ഫാസ്ടാഗ് സ്റ്റിക്കര്‍ വാങ്ങുമ്പോള്‍ സെക്യൂരിറ്റി ഡപോസിറ്റ് ആയി 150 രൂപ അടയ്ക്കണം.

ഡിസംബര്‍ 2017 മുതല്‍ ഫാസ്ടാഗ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നുണ്ട്, അന്ന് ഈ സംവിധാനം നിര്‍ബന്ധമായിരുന്നില്ല. ഫാസ്ടാഗ് എവിടെ നിന്ന് വാങ്ങുന്നോ അതിന്റെ കസ്റ്റമര്‍ പോര്‍ട്ടില്‍ റീചാര്‍ജ് ചെയ്യാനുള്ള സംവിധാനവും കാണും.

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഉടമയുടെ പാസ്പോര്‍ട്ട് വലിപ്പത്തിലെ ചിത്രം, വിലാസത്തിന്റെ തെളിവ്, ഒപ്പം വാഹനത്തിനൊപ്പം നിങ്ങളുടെ കെവൈസി, അതായത് ഉടമയെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ രേഖയുടെ ഒറിജിനലും, പകര്‍പ്പും ആവശ്യമാണ്.

ഫാസ് ടാഗ് നഷ്ടപ്പെട്ടാല്‍, അത് ബ്ലോക്ക് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ടാഗ് തന്ന സ്ഥാപനത്തില്‍ ബന്ധപ്പെടണം. വാഹനങ്ങള്‍ക്കുള്ള ആധാര്‍ എന്നാണ് ഫാസ്ടാഗ് വിശേഷിപ്പിക്കപ്പെടുന്നത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തന്നെ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഒരു വാഹനത്തിന്റെ എല്ലാ ചലനങ്ങളും ഇതുവഴി ട്രാക്ക് ചെയ്യാനാകും. ”ടോള്‍ ബൂത്തുകളിലെ കാമറകള്‍ വാഹനത്തിലെ യാത്രക്കാരുടെ ഫോട്ടോയെടുക്കും, ഇത് ആഭ്യന്തര മന്ത്രാലയത്തിന് ഉപയോഗപ്രദമാകും, മന്ത്രാലയത്തിന്റെ കൈവശം ഒരോ വാഹനത്തിന്റെയും എല്ലാ രേഖകളും ഉണ്ടാകും,” എന്ന് ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ടോള്‍ പ്ലാസയില്‍ നിന്ന് 10 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് താമസിക്കുന്നവര്‍ക്ക് , ഫാസ്റ്റ് ടാഗ് വഴി ടോള്‍ നല്‍കുന്നതിന് ഇളവ് ലഭിക്കും.