വിവാഹത്തിന് ശേഷം വെറും മൂന്ന് മിനുട്ടിനുള്ളില്‍ വേര്‍ പിരിഞ്ഞ് നവദമ്പതികള്‍, കാരണം ഇങ്ങനെ

കുവൈറ്റ്: വിവാഹ വേദിയില്‍ വെച്ച് തന്നെ നവദമ്പതികള്‍ വെറും മൂന്ന് മിനുട്ട് കൊണ്ട് വേര്‍പിരിഞ്ഞു. കുവൈറ്റിലാണ് സംഭവം. രാജ്യത്തെ ഏറ്റവും വേഗമേറിയ വിവാഹ മോചനമാണ് നടന്നതെന്നാണ് സംഭവത്തെ കുറിച്ച് കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജഡ്ജിയുടെ മുന്നില്‍വച്ച് വിവാഹ കരാറില്‍ ഒപ്പുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ യുവതി വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് തിരിച്ചെത്തി വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. യുവതിയ്ക്ക് ജഡ്ജ് അവിടെവച്ച് ഉടന്‍ വിവാഹമോചനം അനുവദിക്കുകയുമായിരുന്നു.

വിവാഹം കഴിഞ്ഞയുടനെ സംസാരത്തിനിടെ യുവാവ് യുവതിയെ ‘സ്റ്റുപിഡ്’ എന്ന് വിളിച്ചതാണ് വിവാഹ മോചനത്തിനുണ്ടായ കാരണം എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ വ്യക്തികളുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ മാധ്യമം തയാറായില്ല. വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും പ്രത്യേകതകളാല്‍ സോഷ്യല്‍ മീഡിയയിലും ഇത് ചര്‍ച്ചയായി. യുവതിയുടെ നിലപാടിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.