ബാലഭാസ്‌കറിന്റേത് കൊലപാതകം തന്നെ പിതാവ് പറയുന്നു

പാലക്കാട്: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരണപ്പെട്ട അപകടത്തിലല്ല അത് കൊലപാതകമാണെന്ന് പിതാവ് കെസി ഉണ്ണി. ഈ സംശയം നേരത്ത തന്നെ ഉണ്ടായിരുന്നു. അത്തരത്തിലുള്ള സംശയങ്ങളാണ് ഇപ്പോള്‍ ബലപ്പെട്ട് വരുന്നത്. സി.ബി.ഐ അന്വേഷണത്തിലൂടെ ഇവയെല്ലാം മാറിക്കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്റെ കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് പിതാവിന്റെ പ്രതികരണം.

മരണത്തില്‍ ദുരൂഹത ആരോപിച്ച് ബാലഭാസ്‌കറിന്റെ പിതാവ് നേരത്തെ തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്തുകാരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പുതിയതായി ഉയര്‍ന്നുവന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന സംശയമുയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്തുകേസിലെ പ്രതിയെ കണ്ടിരുന്നതായി ചില വെളിപ്പെടുത്തലുകളുമുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ അക്കൗണ്ടില്‍ ചില തിരിമറികള്‍ ഉണ്ടായതായും കുടുംബം ആരോപിക്കുന്നു.

Loading...

കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കേസ് അന്വേഷിക്കാന്‍ സി.ബി.ഐയോട് ശുപാര്‍ശ ചെയ്തത്. പുതിയ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരും.