കാസർകോട്: പതിനാറു വയസ്സുള്ള സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അച്ഛൻ കാസർകോട് അറസ്റ്റിലായി. രണ്ട് മാസം ഗർഭിണിയായ പെൺകുട്ടിയെയും കൊണ്ട് മംഗലാപുരം ആശുപത്രിയിലെത്തിയ പ്രതിയെ ആശുപത്രിയിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ട്.
ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയുമായി പ്രതി നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു.
എന്നാൽ ആശുപത്രി അധികൃതർ ചോദ്യങ്ങൾ ചോദിച്ചതോടെ ഇവർ ഇവിടെ നിന്ന് മുങ്ങി. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പ്രതി ആശുപത്രിയിൽ നൽകിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിച്ചപ്പോഴാണ് പ്രതി മംഗലാപുരത്താണെന്ന വിവരം അറിഞ്ഞത്.കാഞ്ഞങ്ങാട് ഗർഭഛിദ്രം നടത്താൻ കഴിയാത്തതിനാൽ ഈ ലക്ഷ്യത്തിനായി മംഗലാപുരത്തേക്ക് പോയതായിരുന്നു ഇരുവരും. പിന്നാലെ പോയ പൊലീസ് മംഗലാപുരത്തെ ആശുപത്രിയിൽ നിന്നും പ്രതിയെ പിടികൂടിയെന്നാണ് വിവരം. പെൺകുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയയാക്കും. പ്രതിക്കെതിരെ പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കും.